ഗൂഗിൾ ബലൂൺ ഇന്ത്യയിലേക്കും
ഇന്റർനെറ്റ് സൗകര്യം ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കാലിഫോർണിയ ആസ്ഥാനമായുള്ള ഇന്റർനെറ്റ് അതികായന്മാർ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ ലോക രാജ്യങ്ങളിലെ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുമായി ചർച്ചകൾ നടത്തി വരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ നട പ്പിലാക്കികൊണ്ടിരിക്കുന്ന പ്രോജക്ട് ബലൂൺ വ്യാപിപ്പിക്കാനാണ് ഗൂഗിൾ പദ്ധതി ഒരുക്കുന്നത്. വളരെ ഉയരത്തിൽ പറക്കുന്ന ബലൂണുകൾ ഉപയോഗിച്ച് വലിയൊരു പ്രദേശത്ത് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2013-ൽ ആണ് കമ്പനി ഗൂഗിൾ ബലൂൺ പദ്ധതി നടപ്പിലാക്കിയത്. ഭൂമിയിൽ നിന്ന് 60,000 അടി ഉയരത്തിലാണ് ഗൂഗിൾ ബലൂണുകൾ സഞ്ചരിക്കുന്നത്. ഇന്റർനെറ്റ് സൗകര്യങ്ങൾ പരിമിതമായി ലഭിക്കുന്ന വിദൂരസ്ഥലങ്ങളിൽ ബലൂണുകളുടെ സഹായത്തോടെ വൈ-ഫൈ മുഖാന്തരം തികച്ചും സൗജന്യമായി ഇൻറർനെറ്റ് സൗകര്യം ഇതിലൂടെ ലഭ്യമാകുന്നതാണ്. പ്രധാനമായും ഗ്രാമീണമേഖലകളിലായിരിക്കും ഗൂഗിൾ ഈ സേവനം ലഭ്യമാക്കുക. അടുത്ത വർഷം ഗൂഗിൾ ബലൂൺ ഇന്ത്യയിൽ പൂർണതോതിൽ പ്രവർത്തനം തുടങ്ങും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.