ബെവ് ക്യൂ ആപ്പ് ഇന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അപ്‌ലോഡ് ചെയ്‌തേക്കും
ഓണ്‍ലൈന്‍ വഴി മദ്യം നല്‍കാനുള്ള ബെവ് ക്യൂ ആപ്പ് ഇന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അപ്‌ലോഡ് ചെയ്‌തേക്കും. കേന്ദ്ര ഏജന്‍സിയുടെ സുരക്ഷാ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍. ആപ്പ് സജ്ജമാക്കി ഈയാഴ്ച തന്നെ മദ്യവിതരണം ആരംഭിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.
മദ്യവില്‍പ്പന ഓണ്‍ലൈന്‍ വഴി ആരംഭിക്കാനുള്ള ക്രമീകരണങ്ങള്‍ തയ്യാറായിട്ടുണ്ടെങ്കിലും ചില സാങ്കേതിക തടസ്സങ്ങളാണ് നിലനില്‍ക്കുന്നത്.ഇന്നത്തോടെ പ്രശ്ന പരിഹാരം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. സുരക്ഷാ പരിശോധനയുടെ പ്രധാനപ്പെട്ട ഘട്ടത്തിലാണ് ബെവ് ക്യൂ ആപ്പെന്നാണ് ഔദ്യോഗിക വിശദീകരണം സെക്യൂരിറ്റി ടെസ്റ്റ്, ലോഡ് ടെസ്റ്റ്, വള്‍ണറബിളിറ്റി ടെസ്റ്റ് ഈ മൂന്നു ഘട്ടങ്ങളാണ് പ്രധാനമായും കടക്കേണ്ടത്.
ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ് പോണ്‍സ് ടീം അഥവ സെര്‍ട്ട് എന്ന കേന്ദ്ര ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് സുരക്ഷാ പരിശോധന . രണ്ടു സ്ഥാപനങ്ങള്‍ക്കാണ് സുരക്ഷാ പരിശോധനയ്ക്ക് സെര്‍ട്ട് അനുമതി നല്‍കിയിട്ടുള്ളത്. അതിലൊരു സ്ഥാപനമാണ് ബെവ് ക്യൂ ആപ്പിന്റെ സുരക്ഷാ പരിശോധന നടത്തുന്നത്. ഇതു വിജയിച്ചാല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അപ് ലോഡ് ചെയ്യും.
ഗൂഗിളിന്റെ അനുമതി ലഭിക്കാന്‍ സാധാരണ നിലയില്‍ 24 മുതല്‍ 36 മണിക്കൂറ് വരെയെടുക്കും. എന്നാല്‍ സര്‍ക്കാര്‍ ഏജന്‍സിക്കു വേണ്ടിയുള്ള ആപ്പായതിനാല്‍ അനുമതി വേഗം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് ആപ് ഉപയോഗിക്കുമോ, ഡേറ്റ ശേഖരിക്കുന്ന രീതി, ഇതിനു കമ്ബനിക്കുള്ള ശേഷി തുടങ്ങിയ കാര്യങ്ങളാകും ഈ ഘട്ടത്തില്‍ പരിശോധിക്കപ്പെടുക. ആപ്പിന്റെ സര്‍വര്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും നടക്കുകയാണ്. 35 ലക്ഷം പേര്‍ ഒരേസമയം ഉപയോഗിച്ചാലും തകരാറുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ആദ്യദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ആപ്പ് ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നുണ്ട്. സാങ്കേതിക കാര്യങ്ങള്‍ പരിഹരിച്ചാല്‍ ഈയാഴ്ച തന്നെ മദ്യവിതരണം ആരംഭിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. പ്രശ്‌ന പരിഹാരം വൈകിയാല്‍ ഇത് അടുത്ത ആഴ്ചയിലേക്കു മാറാനും സാധ്യതയുണ്ട്.