എന്താണ് വാക്സിനുകൾ ശരീരത്തിൽ ചെയ്യുന്നത് ?
അതിനു മുൻപ് ഒരു രോഗം ഉണ്ടായാൽ നമ്മുടെ ശരീരം എങ്ങനെ ആണ് രോഗമുക്തി കൈവരിക്കുന്നത് എന്ന് അറിയണം. ഒരു രോഗാണു ശരീരത്തിൽ കടന്നു കഴിയുമ്പോൾ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കുന്നു. തത്ഫലമായി ആ രോഗാണുവിനെ നേരിടാനായുള്ള ആന്റിബോഡികൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു. ശരിയായ അളവിൽ ആന്റിബോഡികൾ നിർമിക്കപെട്ടാൽ ശരീരത്തിന് രോഗാണു പെറ്റു പെരുകുന്നത് തടയാൻ കഴിയുകയും ആ രോഗബാധയിൽ നിന്ന് മുക്തി നേടാനും സാധിക്കുന്നു. ഈ ഒരു തത്വം ഉപയോഗിച്ചാണ് വാക്സിനുകൾ പ്രവർത്തിക്കുന്നത്. ചത്തതോ നിർവീര്യമാക്കപ്പെട്ടതോ ആയ രോഗാണുവാണ് വാക്സിനിൽ അടങ്ങിയിരിക്കുന്നത്. ചില അവസരങ്ങളിൽ രോഗാണുവിന്റെ ഏതെങ്കിലും ഒരു ഘടകം മാത്രവും ആവും. വാക്സിനിൽ അടങ്ങിയിരിക്കുന്ന രോഗാണു നിർജീവമായതോ രോഗമുണ്ടാക്കാൻ ശേഷിയില്ലാത്തതോ ആയതിനാൽ തന്നെ അവയ്ക്കു ശരീരത്തിൽ കയറി പെറ്റ് പെരുകാനോ രോഗമുണ്ടാക്കാനോ സാധിക്കയില്ല. മറിച്ചു വാക്സിനിലെ ഈ രോഗാണുവിന് എതിരെയും നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കുകയും ആ രോഗത്തെ ചെറുക്കാനായുള്ള ആന്റിബോഡികൾ ശരീരം നിർമിച്ചെടുക്കുകയും ചെയ്യുന്നു.
ഭാവിയിൽ ഒറിജിനൽ രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ ശരീരത്തിൽ ആ രോഗത്തിനെതിരെ നേരത്തെ തന്നെ നിർമിച്ചുവെച്ചിരിക്കുന്ന ആന്റിബോഡികളുടെ സഹായത്താൽ രോഗമുണ്ടാകുന്നത് തടയാനും പറ്റുന്നു. അങ്ങനെ ഒരു പ്രത്യേക തരം രോഗം ഭാവിയിൽ ബാധിക്കുന്നത് തടയാൻ കുത്തിവെപ്പുകൾ എടുക്കുന്നത് വഴി നമുക്ക് സാധിക്കുന്നു. ചില അവസരങ്ങളിൽ കുത്തിവെപ്പ് എടുത്തവരിലും രോഗം ഉണ്ടായി എന്ന് വരാം. പക്ഷേ അവരിൽ ആ രോഗലക്ഷണങ്ങൾ വളരെ ലഘുവായി കടന്നു പോവുകയും എളുപ്പത്തിൽ രോഗമുക്തി ലഭിക്കുകയും ചെയ്യുന്നു. ഇങ്ങനെ സമൂഹത്തിലെ നല്ലൊരു ശതമാനം പേരെ ഒരു പ്രത്യേക രോഗത്തിനെ നേരിടാൻ വാക്സിൻ എടുപ്പിച്ചു സന്നദ്ധർ ആക്കുന്നത് വഴി ആ രോഗാണുവിന് ആ സമൂഹത്തിലെ ജനങ്ങൾക്കിടയിൽ പെറ്റു പെരുകാൻ സാധിക്കാതെ വരുന്നു. അപ്പോൾ ആ സമൂഹം ആ ഒരു രോഗത്തിന് ഇതിനെ ആർജിത പ്രതിരോധ ശേഷി (ഹേർഡ് ഇമ്മ്യൂണിറ്റി) കൈവരിക്കുകയും ചെയ്യുന്നു