സംസ്ഥാനത്തെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി ഇനി ലോണും ലഭിക്കും. സ്വയം തൊഴിൽ പദ്ധതികൾക്കാണ് ലോൺ ലഭിക്കുക. അഞ്ച് വിധത്തിലുള്ള ലോണുകളാണ് ലഭിക്കുക. ഈ പദ്ധതികളെ കുറിച്ച് കൂടുതൽ മനസിലാക്കാം. സംസ്ഥാന എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി ലഭിക്കുന്ന 5 സ്വയം തൊഴിൽ വായ്പാ പദ്ധതികളെ പരിചയപ്പെടാം
1. കെസ്റു (കെ ഇ എസ് ആർ യു)
എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത തൊഴിൽ രഹിതർക്കുള്ള സ്വയം തൊഴിൽ വായ്പാ പദ്ധതിയാണ് ഇത്. ഇത് പ്രകാരം ഒരു വ്യക്തിക്ക് ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നു. ഗ്രൂപ്പായും സംരഭങ്ങൾ ആരംഭിക്കാം. ഒരു അംഗത്തിന് ഒരു ലക്ഷം രൂപ എന്ന നിരക്കിൽ വായ്പ ലഭിക്കും. സംരഭക വിഹിതം പ്രത്യേകം പറയുന്നില്ലെങ്കിലും 10% തുക വിഹിതമായി നൽകേണ്ടതുണ്ട്. 21 മുതൽ 50 വയസു വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
2. മൾട്ടി പർപ്പസ് ജോബ് ക്ലബ്
ഗ്രൂപ്പായി സംരംഭങ്ങൾ തുടങ്ങുന്നവർക്ക് വായ്പ അനുവധിക്കുന്ന പദ്ധതിയാണ് ഇത്. ഗ്രൂപ്പുകളിൽ 2 മുതൽ 5 വരെ അംഗങ്ങൾ ആവശ്യമാണ്. അംഗങ്ങൾ വ്യത്യസ്ത കുടുംബങ്ങളിൽ പെട്ടവരായിരിക്കണം. പദ്ധതി ചെലവ് 10 ലക്ഷം രൂപയിലധികമിക്കാത്ത എല്ലാത്തരം ബിസിനസ് സംരംഭങ്ങൾക്കും വായ്പ ലഭിക്കും. പദ്ധതിചിലവിൻറെ 25% ആണ് സർക്കാർ സബ്സിഡി. പരമാവധി 2 ലക്ഷം രൂപ. 10% സംരഭകൻ വിഹിതമായി കണ്ടെത്തേണ്ടി വരും. 21 മുതൽ 40 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
3. ശരണ്യ
ഒരു സാമൂഹിക സുരക്ഷാ പദ്ധതിയും അതുപോലെത്തന്നെ സ്വയം തൊഴിൽ വായ്പാ പദ്ധതിയും ആണിത്. വിധവകൾ, വിവാഹമോചനം നേടിയ സ്ത്രീകൾ, ഭർത്താവിനെ കാണാതെ പോയ സ്ത്രീകൾ, പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ വരുന്ന അവിവാഹിതരായ അമ്മമാർ, 30 വയസു കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത സ്ത്രീകൾ എന്നിവർക്കാണ് പദ്ധതിയുടെ പ്രയോജനം.
50000 രൂപ വരെ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വായ്പ അനുവധിക്കുന്നു. പരമാവധി 25000 രൂപ സബ്സിഡി ലഭിക്കും. 50 ശതമാനമാണ് സബ്സിഡി. ചെലവിൻറെ 10% സംരംഭകൻ കണ്ടെത്തേണ്ടതുണ്ട്. പ്രായ പരിധി 18 മുതൽ 55 വയസു വരെ. സർക്കാർ ഫണ്ടിൽനിന്നാണ് വായ്പയും സബ്സിഡിയും അനുവധിക്കുന്നത്. ബാങ്കുകളെ കാണേണ്ട അവശ്യം ഇല്ല. പലിശയില്ലാതെ ത്രൈമാസ തവണകളായി തുക തിരിച്ചടച്ചാൽ മതി.
4. കൈവല്യ
ഭിന്നശേഷിക്കാരായ തൊഴിൽരഹിതർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് വായ്പ നൽകുന്ന പദ്ധതി. ഇതൊരു വായ്പാ പദ്ധതി മാത്രമല്ല. കരിയർ ഗൈഡൻസ് പ്രോഗ്രാം, കപ്പാസിറ്റി ബിൽഡിങ് പ്രോഗ്രാം, മത്സര പരീക്ഷാ പരിശീലനം എന്നിവയെല്ലാം നടത്തുന്നു. 50000 രൂപ വരെ വായ്പയായി അനുവദിക്കുന്നു. ആവശ്യമായി വരുന്ന പക്ഷം ഒരു ലക്ഷം രൂപ വരെയായി ഉയർത്താവുന്നതാണ്. ഗ്രൂപ്പ് സംരംഭങ്ങൾക്കും വായ്പ അനുവദിക്കും. ഓരോ അംഗത്തിനും 50000 രൂപ പരമാവധി എന്ന നിരക്കിൽ ആയിരിക്കും വായ്പ. 50% സബ്സിഡി അനുവധിക്കും - പരമാവധി 25000 രൂപ. സംരഭകൻ 10% സ്വന്തം വിഹിതമായി കരുതുന്നത് നന്ന്. 21 മുതൽ 55 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
5. നവജീവൻ
വർഷങ്ങളായി എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും സ്ഥിരം ജോലി ലഭിക്കാതെ പോയ വ്യക്തികൾക്ക് നൽകുന്ന വായ്പാ പദ്ധതി. പ്രായ പരിധി 50 മുതൽ 65 വയസ് വരെ. 50000 രൂപ വരെ വായ്പ അനുവധിക്കുന്നു. ധനസ്ഥാപനങ്ങൾ വഴിയാണ് വായ്പ അനുവധിക്കുക. 25% പരമാവധി 12,500 രൂപ സബ്സിഡിയായി ലഭിക്കും. സംയുക്ത സംരംഭങ്ങൾക്കും വായ്പ അനുവധിക്കും. 25% സ്ത്രീകൾക്കായും 25% ബിപിഎൽ വിഭാഗങ്ങൾക്കായും സംവരണം ചെയ്തിട്ടുണ്ട്.
ലോണിനായി എങ്ങിനെ അപേക്ഷിക്കാം
ബന്ധപ്പെട്ട എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകൾ, ജില്ലാ എംപ്ലോയ്മെൻറ് ഓഫീസുകൾ, വെബ്സൈറ്റ് www.employment.kerala.gov.in എന്നിവ വഴി സൗജന്യ അപേക്ഷാഫോം ലഭിക്കും. എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നേരിട്ട് അപേക്ഷ കൊടുക്കാം. അപേക്ഷകരെ ജില്ലാ തലത്തിലുള്ള സമിതി ഇൻറർവ്യൂ ചെയ്യും. അതിൻറെ അടിസ്ഥാനത്തിലാണ് അപേക്ഷ പ്രാഥമികമായി സിലക്ട് ചെയ്യുന്നത്. വായ്പ അനുവദിക്കുന്ന മുറയ്ക്ക് സർക്കാർ സബ്സിഡിയും ലഭ്യമാക്കും