ടോക്കിയോ ഒളിംപിക്സ് 2020, ലോകമെങ്ങും നാശം വിതച്ച കൊറോണ എന്ന മഹാ മാരി കാരണം ഒരു വർഷം കഴിഞ്ഞ് 2021 ജൂലൈ 23 ന് തിരി തെളിയുകയാണ്. എന്നാലും പേര് ടോക്കിയോ ഒളിംപിക്സ് 2020 എന്ന് തന്നെയാണ്. ലോകമെങ്ങും ഉള്ള താരങ്ങൾ മത്സരിക്കുന്ന ഒളിംപിക്സിൽ മലയാളി താരങ്ങളും ഉണ്ട്. കേരള ക്കരയുടെ അഭിമാന താരകങ്ങൾ. ഒരു കാര്യം കൂടി ഓർക്കുക ഇവരാരും മലയാളി എന്ന ലേബലിലോ കേരള എന്ന ലേബലിലോ അല്ല മത്സരിക്കുന്നത്. മറിച്ച് ഇന്ത്യ എന്ന ഒരൊറ്റ വികാരത്തിൽ. അവരുടെ ഓരോ ജയവും ഇന്ത്യക്ക് സമ്മാനിക്കുന്നത് അഭിമാനത്തിൻ്റെ നിമിഷങ്ങളാണ്. എന്നാലും നമ്മൾ മലയാളികൾ ആരൊക്കെ മത്സരിക്കുന്നു ഏതൊക്കെ ഇനത്തിൽ മത്സരിക്കുന്നു എന്നത് അറിയണമല്ലോ. അതിനായി മാത്രം ഇത് പ്രയോജനപ്പെടുത്തുക. കിഴക്കൻ ഏഷ്യയുടെ ഭാഗമായ ജപ്പാൻ്റെ തലസ്ഥാന നഗരമായ ടോക്കിയോയിൽ ആണ് മത്സരങ്ങൾ അരങ്ങേറുന്നത്. ഇരുപത്തി ഒൻപതാമത്തെ ഒളിംപിക്സ് ആണ് ഇത്. 50 ഇനങ്ങളിൽ ആയി 339 മത്സര വിഭാഗങ്ങൾ ഉണ്ട്. 205 രാജ്യങ്ങൾ പങ്കെടുക്കുന്നു. 11,324 താരങ്ങൾ ആണ് പോരാട്ടത്തിൽ ഇറങ്ങുന്നത്. 23 ജൂലൈ 2021 ന് ആരംഭിക്കുന്ന ഒളിംപിക്സ് 8 ആഗസ്റ്റ് 2021 ന് അവസാനിക്കും.
നോഹ നിർമൽ ടോം (കോഴിക്കോട്)
കോഴിക്കോട് സ്വദേശിയായ നോഹ നിർമൽ ടോം റിലേ വിഭാഗത്തിലാണ് മത്സരിക്കുന്നത്. കോഴിക്കോട് ചക്കിട്ടപ്പാറ പൂഴിത്തോട് സ്വദേശി ടോമിച്ചൻ ടി. ജോണിൻ്റെയും ഭാര്യ സി. എ. ആലിസ്ലിയുടെയും മകനാണ് നോഹ. മുത്തശ്ശ്യ ത്രേസ്യാമ, സഹോദരങ്ങൾ എരോൺ, ജോയൽ, എബി, കെസിയ.
സജൻ പ്രകാശ് (ഇടുക്കി)
ഇടുക്കി സ്വദേശിയായ സാജൻ പ്രകാശൻ നീന്തൽ വിഭാഗത്തിലാണ് മത്സരിക്കുന്നത്. ജനിച്ച് 25 ആം ദിവസം തൊടുപുഴയിൽ നിന്നും തമിഴ് നാട്ടിലെ നെയ്വേലിയിലേക്ക് എത്തിയ സാജൻ നീന്താൻ പഠിച്ചതും മെഡൽ നേടിത്തുടങ്ങിയതും തമിഴ്നാട്ടിലെ സ്വിമ്മിങ് പൂളുകളിലൂടെയാണ്. ദേശീയ ഗെയിംസിൽ മത്സരിക്കാനുള്ള കേരളത്തിൻ്റെ ക്ഷണം സ്വീകരിച്ച് 2015 ലാണ് സാജൻ ജൻമനാട്ടിലേക്ക് തിരിച്ച് വന്നത്. 6 സ്വർണവും 3 വെള്ളിയുമായി ഗെയിംസിൽ നാടിൻ്റെ അഭിമാനമുയർത്തിയ താരത്തെ ആംഡ് പോലീസിൽ ഇൻസ്പെക്ടർ ജോലി നൽകി കേരളം ഒപ്പം ചേർത്തു. സാജന് ഇതു തുടർച്ചയായ 2 ആം ഒളിംപിക്സാണ്.
എം. ശ്രീ ശങ്കർ (പാലക്കാട്)
പാലക്കാടിൻ്റെ കരുത്തുമായെത്തുന്ന എം. ശ്രീ ശങ്കർ മത്സരിക്കുന്നത് ലോങ്ജംപിൽ ആണ്. രാജ്യാന്തര ട്രിപ്പിൾ ജംപ് താരമായിരുന്ന എസ്. മുരളിയുടെയും 800 മീറ്റർ, റിലേ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കെ. എസ്. ബിജിമോളുടെയും മകനാണ് ശ്രീശങ്കർ. ട്രിപ്പിൾ ജംപ് താരം ശ്രീ പാർവതി അനിയത്തിയാണ്. സ്പ്രിൻ്റിലായിരുന്ന ശ്രീശങ്കരിൻ്റെ തുടക്കം. ജില്ല, സംസ്ഥാന മീറ്റുകളിൽ കത്തി നിൽക്കുന്നതിനിടെ ലോങ് ജംപിലേക്ക് തിരിയുകയായിരുന്നു. 2018 ൽ ജപ്പാനിൽ നടന്ന ജൂനിയർ ട്രാക്ക് ആൻഡ് ഫീൽഡ് ചാംപ്യൻഷിപ്പിൽ വെങ്കലം ശ്രീ ശങ്കരിൻ്റെ കരിയറിലെ പ്രധാന നേട്ടങ്ങളിൽ ഒന്ന്.
അമോജ് ജേകബ് (കോട്ടയം)
കോട്ടയം രാമപുരം സ്വദേശി ആണ് അമോജ് ജേക്കബ് എങ്കിലും ട്രാക്കിൽ പടർന്നു പന്തലിച്ചത് ഡൽഹിയിൽ കാലൂന്നിയാണ്. പത്താം ക്ലാസ് വരെ ഫുഡ്ബോളിനു ചുറ്റും ഓടിക്കളിച്ചിരുന്ന അമോജിനെ രോഹിണി സെൻ്റ് സേവ്യേഴ്സ് സ്കൂളിലെ കായികാധ്യാപകൻ അരവിന്ദ് പൂറാണ് ട്രാക്കിലേക്കെത്തിച്ചത്. ടോക്കിയോയിൽ 4 x400 റിലേയിൽ മത്സരിക്കുന്ന ഇന്ത്യൻ ടീംമംഗം അമോജ് രോഹിണി സെക്ടർ 6 ബാബാ സാഹിബ് അംബേദ്കർ ആശുപത്രി ക്വാർട്ടേഴ്സിൽ താമസിക്കുന്ന പാലാ രാമപുരം സ്വദേശി പി.എ. ജേക്കബ്-മേരിക്കുട്ടി ദമ്പതികളുടെ മകനാണ്. ഇളയ സഹോദരി അൻസുവും കായിക താരമാണ്.
അലക്സ് ആൻറണി (തിരുവനന്തപുരം)
കടലിൻ്റെ ഉള്ളും കഷ്ടപ്പാടിൻ്റെ നോവും അറിയുന്ന ഓട്ടക്കാരനാണ് അലക്സ് ആൻറണി. തിരുവനന്തപുരത്തെ കടലോര മേഖലയായ പുല്ലുവിളയിലെ മത്സ്യത്തൊഴിലാളി കുടുംബാംഗം. 4x400 മീറ്റർ മിക്സഡ് റിലേയിലാണ് ഇരുപത്തൊന്നുകാരൻ അലക്സ് ഒളിംപിക്സിൽ മത്സരിക്കുക. പുല്ലുവിള ഇരയിമൻതുറ പുരയിടത്തിൽ ആൻ്റണിയുടെയും സർജിയുടേയും മൂത്ത മകനാണ് അലക്സ്. സഹോദരൻ അനിൽ സഹോദരി അനിഷ.
പി.ആർ. ശ്രീജേഷ് (കൊച്ചി)
പി.ആർ. ശ്രീജേഷിനിത് 3 ആം ഒളിംപിക്സ് ആണ്. ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പറും മുൻ നായകനുമാണ് ശ്രീജേഷ്. പിതാവ് പി.വി രവീന്ദ്രൻ, മാതാവ് ഉഷാകുമാരി, ഭാര്യ ഡോ. പി.കെ. അനീഷ്യ, മക്കൾ അനുശ്രീ, ശ്രീഅൻസു. സെൻ്റ് ജോസഫ്സ് സ്കൂളിലെ റോയി, ജോസ് എന്നീ കായികാധ്യാപകരുടെ പ്രേരണയിലാണ് ജിവി രാജയിൽ പ്രവേശനത്തിന് പോയത്. രമേഷ് കോലപ്പനും ജയകുമാറുമാണ് ഹോക്കി പരിശീലകർ. പ്ലസ്ടുവിലെത്തുമ്പോൾ ശ്രീജേഷ് ദേശീയ ജൂനിയർ ടീമിൻ്റെ ഭാഗമായി രാജ്യാന്തര അരങ്ങേറ്റം കുറിച്ചു. 2006 മുതൽ സീനിയർ ടീമിൽ ഉണ്ട്.
കെ.ടി. ഇർഫാൻ (മലപ്പുറം)
കളിപ്പെരുമ അടിസ്ഥാനമാക്കിയൊരു രേഖാചിത്രം വരച്ചാൽ മലപ്പുറത്തിൻ്റെ രൂപം ഫുട്ബോളിൻ്റെ ആയിരിക്കും. എന്നാൽ കുറച്ചു വർഷങ്ങളായി ഒരു ഒറ്റയടിപ്പാത കൂടി അവിടെ തെളിഞ്ഞു വരുന്നുണ്ട്. കുനിയിലെ കോലോത്തുംതൊടി വീട്ടിൽ നിന്ന് ഒളിംപിക്സിലേക്കു നീളുന്ന ഒരു വാക്കിങ് ട്രാക്ക്. കെ.ടി. ഇർഫാൻ എന്ന ചെറുപ്പക്കാരൻ നടന്നു നടന്നാണ് അരീക്കോടിൻ്റെ കായികപ്പെരുമയിലേക്ക് കയറിയത്. മലപ്പുറത്തിൻ്റെ ആദ്യ ഒളിംപ്യൻ. അദ്ദേഹത്തിൻ്റെ രണ്ടാമൻ്റെ ഒളിംപിക്സ് ആണ് ഇത്. 20 കിലോമീറ്റർ നടത്തത്തിലാണ് മൽസരിക്കുന്നത്. കർഷകനായ കെ.ടി. മുസ്തഫ - ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ സഹ്ല, മക്കൾ ഹമദ് സയറും ഹമദ് ഇലാനും. സഹോദരൻ ഷാജഹാൻ
എം.പി. ജാബിർ (മലപ്പുറം)
പി.ടി. ഉഷക്കു ശേഷം 400 മീറ്റർ ഹർഡിൽസിൽ ഒളിംപിക്സ് യോഗ്യത നേടുന്ന ആദ്യ മലയാളി താരമെന്ന ഖ്യാതി ഇരുപത്തഞ്ചുകാരൻ എം.പി. ജാബിറിനു സ്വന്തം. ആനക്കയം പഞ്ചായത്തിലെ മുടിക്കോട്ടുള്ള വീട്ടിൽ പിതാവ് എം.പി. ഹംസയും മാതാവ് ഷെറീനയും സഹോദരങ്ങളായ ജസ്നയും ഫാത്തിമ ജെബിനുമെല്ലാം ഉത്സാഹത്തിലാണ്. സെവൻസ് മൈതാനങ്ങളിൽ സ്ട്രൈക്കറായി പറന്നു കളിച്ചിരുന്ന ജബിർ അത്ലറ്റിക്സിലേക്കു ചുവടുമാറ്റുന്നത് പന്തലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പഠനകാലത്താണ്. സംസ്ഥാന സ്കൂൾ കായികമേളയിൽ 400 മീറ്ററിൽ വെങ്കലം നേടിയാണ് തുടക്കം. തവനൂർ കേളപജി മെമ്മോറിയൽ സ്കൂളിൽ വച്ച് ഹർഡിൽസിലേക്ക് കളം മാറ്റി. കോട്ടയം സിംഎംസ് കോളേജിലെ ബിരുദപഠനത്തിനിടെ നേവിയിൽ സെയിലറായി ജോലിയിൽ പ്രവേശിച്ചു.