'#HOME'ലെ ഡിലീറ്റഡ് സീനുമായി ഫ്രൈഡേ ഫിലിം ഹൗസ്; ഇത്രയും നല്ല ഭാഗം ഒഴുവാക്കേണ്ടിയിരുന്നില്ല എന്ന് ആരാധകർ
ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബു നിര്‍മ്മിച്ച് റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച് ശ്രീനാഥ് ബാസി, ഇന്ദ്രൻസ്, മഞ്ജുപിള്ള, നസ്ലിന്‍, കൈനകരി തങ്കരാജ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ #ഹോം ആമസോൺ പ്രൈമിലൂടെ മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടി മുന്നേറുകയാണ്.
സ്മാർട്ട്ഫോൺ ഇന്നത്തെ കുടുംബങ്ങളെ എത്രമാത്രം ബാധിച്ചിട്ടുണ്ട്? അതിന്റെ സാധ്യതകൾ എത്രമാത്രം കുടുംബ ബന്ധങ്ങളിൽ മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്?#ഹോമിൽ പ്രേക്ഷകർക്ക് അത് കാണാനാകും.
ഈ കാലം ആവശ്യപ്പെടുന്ന ഒരു വിഷയത്തെ അതിന്‍റെ ഗൗരവം ഒട്ടും ചോര്‍ന്ന് പോകാതെ നര്‍മ്മവും ഇമോഷന്‍സും സമാസമം ചേർത്ത് അവതരിപ്പിച്ചിരിക്കുന്നതാണ് ചിത്രം. രണ്ടേമുക്കാൽ മണിക്കൂറോളമാണ് സിനിമയുടെ ദൈര്‍ഘ്യം.
ഇപ്പോഴിതാ ചിത്രത്തിലെ ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ളൊരു ഡിലീറ്റഡ് സീൻ പുറത്തുവിട്ടിരിക്കുകയാണ് ഫ്രൈഡേ ഫിലിം ഹൗസ്. ഇന്ദ്രൻസ് അവതരിപ്പിച്ച ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തിന്‍റെ മകനായ ചാള്‍സ് (നെസ്ലിൻ) തന്‍റെ സഹോദരനായ ആന്‍റണി(ശ്രീനാഥ് ഭാസി)യുടെ പ്രതിശ്രുതി വധുവായ പ്രിയ (ദീപ തോമസ് )യ്ക്ക് കുറച്ച് ഉപദേശങ്ങൾ നൽകുന്നതാണ് വീഡിയോയിലുള്ളത്.
നിരവധി കമന്‍റുകളാണ് ഡിലീറ്റഡ് സീനിന് താഴെ വരുന്നത്. കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച നല്ലൊരു ചിത്രത്തിന് ഇനിയും സീൻസ് ബാക്കി ഉണ്ടെന്ന് കണ്ടപ്പോൾ ഒരുപാട് സന്തോഷം, പടം പെട്ടെന്ന് തീർന്നല്ലോ എന്ന് സങ്കടപെട്ട എനിക്കൊക്കെ ഈ സീൻ അടക്കം ഒന്നും അനാവശ്യമല്ല, ഡിലീറ്റ് ചെയ്യേണ്ടിയിരുന്നില്ല, ഒരു 3 മണിക്കൂർ ഒക്കെ ആക്കാമായിരുന്നില്ലേ പടം. സമയം പോകുന്നത് അറിഞ്ഞേ ഇല്ല തുടങ്ങിയ കമന്‍റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.