വയനാട്
കേരള സംസ്ഥാനത്തിലെ പന്ത്രണ്ടാമത് ജില്ലയാണ് വയനാട്. 1980 നവംബര്‍ ഒന്നിനാണ് വയനാട് ജില്ല രൂപംകൊള്ളുന്നത്.കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഭാഗങ്ങള്‍ അടര്‍ത്തിയെടുത്താണ് വയനാട് ജില്ലയ്ക്ക് രൂപം നല്‍കിയത്. കര്‍ണാടക, തമിഴ്‌നാട് ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന ഏക ജില്ലയായ വയനാടിന്റെ 38 ശതമാനവും വനമാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്.
കാഴ്ചകളുടെ സ്വര്‍ഗ്ഗമൊരുക്കിയിരിക്കുന്ന നാടാണ് വയനാട്. കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുമ്പോൾ അതിൽ ഏറ്റവും മനോഹരമായ കാഴ്ചകളുള്ള ഇടമാണിവിടം. കാടും മലകളും കുന്നും വെളളച്ചാട്ടങ്ങളും താഴ്വരകളും ഒക്കെ ചേർന്ന് ഇവിടെ എത്തുന്നവർക്കു മുന്നിൽ പ്രകൃതിയുടെ അത്ഭുതം കാണിക്കുന്ന വയനാടിനെ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല.
മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്തമായി വയനാടിനു പുറത്തു കടക്കണമെങ്കിൽ ആശ്രയിക്കേണ്ട വരിക ചുരങ്ങളെയാണ്. പ്രധാനമായും അഞ്ച് ചുരങ്ങളാണ് വയനാടിനെ ചുറ്റിയുള്ളത്. കോഴിക്കോട് അടിവാരത്തേക്കുള്ള താമരശ്ശേരി ചുരം, തൊട്ടിൽപ്പാലം വഴിയുള്ള കുറ്റിയാടിയിലേക്കുള്ള ചുരം, കണ്ണൂർ നെടുമ്പൊയിലേക്കുള്ള പേരിയ ചുരം, കണ്ണൂർ കൊട്ടിയൂരെത്തുന്ന പാൽച്ചുരം, വടുവൻചാലിൽ നിന്നും മലപ്പുറത്തെത്തുന്ന നാടുകാണിച്ചുരം എന്നിവയാണ് ഇവിടുത്തെ ചുരം പാതകൾ. ഒരു പാമ്പിനെപ്പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന ചുരങ്ങൾ കയറിയിറങ്ങി മാത്രം എത്തുവാൻ സാധിക്കുന്ന ഈ നാട് ഒളിപ്പിച്ചിരിക്കുന്ന അത്ഭുതങ്ങൾക്ക് കയ്യും കണക്കുമില്ല.കോഴിക്കോട് നിന്ന് താമരശ്ശേരി ചുരം വഴി വയനാട്ടിലേക്ക് പ്രവേശിച്ചു കഴിയുമ്പോള്‍ തന്നെ വയനാട് എന്ന സുന്ദരിയുടെ വശ്യമായ സൗന്ദര്യം ആസ്വദിച്ചു തുടങ്ങാം. പിന്നീടങ്ങോട്ട് കാഴ്ച്ചയുടെ പൊന്‍വസന്തമാണ്. കരിന്തണ്ടന്‌റെ ആത്മാവ് ഉറങ്ങുന്ന ചങ്ങലമരം മുതൽ കൽപ്പറ്റയും ചെമ്പ്രയും മീൻമുട്ടിയും ബാണാസുര സാഗറും എടക്കലും പക്ഷിപാതാളവും കുറുവാ ദ്വീപും തൊള്ളായിരംകണ്ടിയും കാന്തൻപാറയും തിരുനെല്ലിയും കിടങ്ങനാടും മുത്തങ്ങയും പൂക്കോടും കുറുമ്പാലക്കോട്ടയും ഒക്ക ചേരുന്ന ഇവിടുത്തെ ഭംഗി പറഞ്ഞറിയിക്കുവാനാവില്ല.
വയനാട്ടിലെ ആഡംബര റിസോര്‍ട്ടുകളും ആയൂര്‍വേദ ചികിത്സാ കേന്ദ്രങ്ങളും പ്രകൃതിജന്യ സുഗന്ധദ്രവ്യങ്ങളുമാണ് വിദേശ വിനോദ സഞ്ചാരികളെ വയനാടുമായി ബന്ധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തില്‍ വയനാടിന് തനതായ സ്ഥാനം നേടിക്കൊടുത്തതും ഇതു തന്നെയാണ്.
സുഗന്ധദ്രവ്യങ്ങളുടെ കലവറ കൂടിയാണ് വയനാട്. കാപ്പി, തേയില, ഏലം, കുരുമുളക് തുടങ്ങിയവയുടെ കയറ്റുമതിയുടെ പേരിലും വയനാട് പ്രസിദ്ധമാണ്. പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന വയനാടിന്റെ ഭൂപ്രകൃതി ആസ്വദിക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നു പോലും ആയിരങ്ങള്‍ വര്‍ഷാവര്‍ഷം എത്തുന്നു. കണ്ണുകള്‍ എവിടെ പായിച്ചാലും മനംനിറയ്ക്കുന്ന കാഴ്ച്ചകള്‍ സമ്മാനിക്കുന്നതിനാലാണ് വയനാടിനെ സഞ്ചാരികള്‍ ഇത്രയും നെഞ്ചോട് ചേര്‍ക്കുന്നത്.
മഴക്കാലത്ത് വയനാട് കൂടുതല്‍ സുന്ദരിയാകുന്നു. പച്ചപ്പിന് കൂടുതല്‍ സൗന്ദര്യം കൈവരുന്നു. മഞ്ഞുകാലത്ത് കോടമഞ്ഞിന്റെ കുളിര്‍മയും സഞ്ചാരികളെ സ്വാഗതം ചെയ്യും.
സന്ദർശിക്കേണ്ട സ്ഥലങ്ങൾ
- എടക്കൽ ഗുഹ
- കാന്തൻപാറ വെള്ളച്ചാട്ടം
- കാരാപ്പുഴ അണക്കെട്ട്
- കുറുവദ്വീപ്
- ചങ്ങലമരം
- ചെമ്പ്ര കൊടുമുടി
- തിരുനെല്ലിക്ഷേത്രം
- പഴശ്ശിരാജ സ്മാരകം
- പക്ഷിപാതാളം
- പൂക്കോട് തടാകം
- ബത്തേരി ജൈനക്ഷേത്രം
- ബാണാസുര സാഗർ അണക്കെട്ട്
- ബ്രഹ്മഗിരി മലനിരകൾ
- മീന്മുട്ടി വെള്ളച്ചാട്ടം
- മുത്തങ്ങ
- വയനാട് വന്യജീവി സംരക്ഷണകേന്ദ്രം
- സൂചിപ്പാറ വെള്ളച്ചാട്ടം
- കർളാട് തടാകം/സാഹസിക പാർക്ക്
- തോൽപ്പെട്ടി വന്യ ജീവി സങ്കേതം
- ആറാട്ടുപാറ
- കൊളഗപ്പാറ
- ഫാന്റം റോക്ക്
- കുറുമ്പാല കോട്ട
- തൊള്ളായിരം കണ്ടി