3 ഓവറിൽ ഫലത്തിൽ 4 പേരെ 7 റൺസിനുള്ളിൽ നഷ്ടപ്പെട്ട ശേഷം ഒരു സ്വപ്ന സമാനമായ തിരിച്ചുവരവിൻ്റെ ഫസ്റ്റ് ഹാഫിനു ശേഷം ആദ്യ ഓവറിൽ ചെന്നൈ വിട്ടു കൊടുത്തത് 2 റൺ മാത്രം .
പതിയെ താളം കണ്ടെത്തിയ ഡീകോക്കിനെ പുറത്താക്കി ചെന്നൈ മറ്റൊരു പ്രഹരം ഏൽപ്പിച്ചപ്പോൾ സൂര്യകുമാർ യാദവിനെ ഉറ്റു നോക്കിയ പ്രേക്ഷകരെ പക്ഷെ ആനന്ദിപ്പിച്ചത് രോഹിത്തിന് പകരം ഇറങ്ങിയ അൻമോൽ പ്രിത് സിങ്ങ് ആയിരുന്നു. മനോഹരമായ ഒരു വലിയ ഇന്നിങ്സിലേക്കുള്ള യാത്രയിലാണ് അയാളെന്ന് തോന്നിപ്പിച്ചു .
ഓസീസ് പേസർ ഹെയ്സൽവുഡിനെ 4 പന്തുകൾക്കുള്ളിൽ 2 ഫോറുകളും ഒരു സിക്സറും പായിച്ചപ്പോൾ 4 ഓവറിൽ 34 ലെത്തിയ സമയത്ത് മുംബൈ പുർണ സുരക്ഷിതരാണെന്നാണ് കരുതിയത് .
4 പന്തുകൾക്കിടയിൽ ദീപക് ചഹറിൻ്റെ നക്കൾ ബോളിൽ അൻമോൾ പുറത്തായതിനു പിന്നാലെ മുംബൈയും ക്രിക്കറ്റ് ആരാധകരും വാനോളം പ്രതീക്ഷയർപ്പിച്ച സൂര്യകുമാർ യാദവ് തനിക്കെതിരെ എത്രയോ തവണ പന്തെറിഞ്ഞ കൂട്ടുകാരൻ താക്കൂറിൻ്റെ പന്തിൽ പുറത്താകുകയും ചെയ്തതിനു ശേഷം ഒരു ഘട്ടത്തിൽ 8 നു മുകളിലെത്തിയ റൺറേറ്റ് 8 ആം ഓവറിൽ 6 ലേക്ക് പിടിച്ചു താഴ്ത്തിയ ചെന്നൈ മാച്ചിൻ്റെ ആദ്യ 5 ഓവറിൽ തന്നെ എല്ലാ പ്രതീക്ഷയും കൈവിട്ടിരുന്ന കളിയെ പിടിച്ചെടുക്കുകയായിരുന്നു.
അവസാനഓവറുകളിൽ വെടിക്കെട്ടുമായി ചെന്നൈയെ അപ്രതീക്ഷിത സ്കോറിലേക്ക് നയിച്ച ബ്രാവോ 10 ആം ഓവറിൽ യുവതാരം ഇഷാൻ കിഷനെ മടക്കുമ്പോൾ ഗ്ലോബൽ T20 ൽ തന്നെക്കാൾ മികച്ച മറ്റൊരു യൂട്ടിലിറ്റി ഓൾറൗണ്ടറെ കിട്ടില്ല എന്നോർമ്മിപ്പിക്കുന്നതിനൊപ്പം അയാൾ ചെന്നൈയുടെ വിജയം എഴുതുകയും ചെയ്തിരുന്നു .
തൻ്റെ പ്രതാപകാലം കൈമോശം വന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ കളിച്ച സൗരഭ് തിവാരി അപ്പോഴേക്കും ഏത് സ്കോറും ചേസ് ചെയ്യാൻ പ്രാപ്തിയുള്ള നായകൻ പൊള്ളാർഡിനു മുന്നിൽ ഇന്നിങ്ങ്സിൻ്റെ പാതി വഴിയിൽ 10 ലധികം റൺറേറ്റ് എന്ന സമവാക്യം സൃഷ്ടിച്ചു കഴിഞ്ഞിരുന്നു .
11 ആം ഓവറിൽ മുംബൈക്ക് സമാനമായി 6 ആം ബൗളറെ കൊണ്ടു വന്നെങ്കിലും ജഡേജയെ സിക്സർ പറത്തിയ പൊള്ളാർഡ് തനിക്ക് ശീലമുള്ള അത്ഭുതങ്ങൾക്കായി മുംബൈ ആരാധകരെ കാത്തിരിക്കുവാൻ പ്രേരിപ്പിച്ചിരുന്നു .ബ്രാവോയും താക്കൂറും സൃഷ്ടിച്ച സമ്മർദ്ദത്തിൽ ഹേസൽവുഡിന് മുന്നിൽ കുടുങ്ങി പൊള്ളാർഡ് മടങ്ങുമ്പോൾ ഇന്നിങ്ങ്സ് പകുതി വഴിയിലെത്തും മുൻപെ മുംബൈയുടെ ചിരി മാഞ്ഞു കഴിഞ്ഞിരുന്നു.
ബൗളിങ്ങിൽ പരാജയമാകുന്ന ക്രൂണാൽ ബാറ്റിങ്ങിലും സമ്പൂർണ്ണ പരാജയമാകുമ്പോൾ മറ്റു വഴികൾ തേടാനില്ലാത്ത അവസ്ഥയിലാണ് ചാംപ്യൻ ടീം .(കൂണാലിൻ്റെ റണ്ണൗട്ടിലും പങ്കാളിയായ ബ്രാവോ 3 മേഖലകളിലും സംഭാവന നൽകി .
ഒരു വശത്ത് പിടിച്ചു നിന്നെങ്കിലും മത്സരത്തെ ഒരു ഗതിയിലും സ്വാധീനിക്കാൻ അർധ സെഞ്ചുറി നേടിയ സൗരഭ് തിവാരിക്ക് തീരെ കഴിഞ്ഞതുമില്ല .ശരദുൽ താക്കൂർ എറിഞ്ഞ 19 ആം ഓവറിൽ അലക്ഷ്യമായി എറിഞ്ഞ് നൽകിയ 15 റൺസ് 6 പന്തിൽ 24 എന്ന ലക്ഷ്യം സ്കോർ ബോർഡിൽ കാണിച്ചുവെങ്കിലും അപ്പോഴേക്കും മുംബൈയുടെ പോരാട്ട വീര്യം കെട്ടടങ്ങിയിരുന്നു .
യുവതാരം ഗേക്ക് വാദിനൊപ്പം തന്നെ പരിചയ സമ്പന്നനായ ബ്രാവോയുടെയും വിജയമാണിത് .
ആദ്യ 5 ഓവറിൽ തന്നെ കളി തോറ്റെന്ന് ആരാധകർ പോലും ഉറപ്പിച്ച കളിയെ കളി തീരാൻ 10 ഓവറുകൾക്ക് മുൻപ് തങ്ങളുടെ വരുതിയിലെത്തിച്ച ചെന്നൈ തങ്ങളെപ്പോലൊരു തിരിച്ചു വരവിന് പ്രാപ്തിയുള്ള മറ്റൊരു IPL ടീമില്ല എന്ന പ്രഖ്യാപനം കൂടിയാണ് നടത്തിയത് .ഗേക് വാദും ദീപക് ചഹറും ബ്രാവോയും ചെന്നൈ .പ്രതീക്ഷകൾ ആളിക്കത്തിക്കുന്നു.കഴിഞ്ഞ പാദത്തിലെ ആധികാരിക വിജയങ്ങൾക്ക് പിന്നാലെ പരീക്ഷിക്കപ്പെട്ട ആദ്യമാച്ചിലും വിജയിക്കുമ്പോൾ അവരുടെ പ്രതീക്ഷകൾ മങ്ങുന്നില്ല .മറു വശത്ത് ആദ്യ പാദത്തിലെ പ്രതിസന്ധികൾ അതേ പടി നിഴലിക്കുന്ന അവസ്ഥയിലാണ് മുംബൈ .