ഇന്ദ്രൻസ്
''സുരേന്ദ്രൻ കൊച്ചു വേലു " എന്ന വ്യക്തിയെ അറിയുന്നവർ കുറവായിരിക്കും, എന്നാൽ തന്റെ പേരിലെ ആദ്യാക്ഷരം ഒഴിവാക്കിക്കൊണ്ട് ഒരു ചെറിയ പേരുമായി മലയാള സിനിമാവേദിയിലേക്ക് വസ്ത്രങ്ങളുടെ മേലാട ചാർത്തിക്കൊണ്ട് കടന്നുവന്ന മെലിഞ്ഞ മനുഷ്യൻ "ഇന്ദ്രൻസ് ", അഭിനയകലയിൽ ലോകനിലവാരം പുലർത്തുന്ന നടനായി മാറി.
1981- ൽ ചൂതാട്ടം എന്ന സിനിമയിൽ ഒരു വസ്ത്രാലങ്കാര വിദഗ്ധനായും, ഒരു നടനായും രംഗപ്രവേശം ചെയ്ത " ഇന്ദ്രൻസ് " എന്ന അഭിനയപ്രതിഭ .
ജന്മസിദ്ധമായി ലഭിച്ച കുറിയശരീരത്തിന് യോജിക്കുന്ന ചെറു ചലനങ്ങളും, ചെറു മൊഴികളും കൊണ്ട് നമ്മളുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത , ഹാസ്യത്തിന് പുതിയ അർത്ഥങ്ങൾ പ്രദാനം ചെയ്ത കലാകാരൻ ആരോരുമറിയാതെ അവകാശവാദങ്ങളില്ലാതെ ഉയരുകയായിരുന്നു.
1993 -ലെ ജന ശ്രദ്ധയാകർഷിച്ച രാജസേനന്റെ "മേലേപ്പറമ്പിൽ ആൺവീട് "എന്ന ചിത്രത്തിൽ കല്യാണ ദല്ലാളിന്റെ വേഷമണിഞ്ഞ് ശ്രദ്ധിക്കപ്പെട്ടെങ്കിലും, 1994 ൽ പുറത്തിറങ്ങിയ സി.ഐ.ഡി. ഉണ്ണികൃഷ്ണൻ . ബി.എ.ബി.എഡ് എന്ന സിനിമയിൽ അവതരിപ്പിച്ച ഒരു ഹാസ്യകഥാപാത്രമാണ് അദ്ദേഹത്തിൻ്റെ അഭിനയജീവിതത്തിൽ വഴിത്തിരിവ് സമ്മാനിച്ചത്.
തന്റെ നിഷ്കളങ്കമായ സ്വാഭാവരീതി സിനിമയിലും തുടർന്നപ്പോൾ, അദ്ദേഹം മലയാളികളുടെ മനസ്സിനൊപ്പം ചേർന്നു നിന്നു കൊണ്ട് വെള്ളിത്തിരയെ സമ്പന്നമാക്കി.
പിന്നീട് നമ്മൾ കണ്ടത്. 2014 ൽ തീയേറ്ററുകളിലെത്തിയ "അപ്പോത്തിക്കിരി " എന്ന ചിത്രത്തിലെ കഥാപാത്രം കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റിയുടെ പ്രത്യേക പരാമർശത്തിനർഹമായിത്തീർന്നു.
2017- ൽ "ആളൊരുക്കം "എന്ന ചിത്രത്തിലെ ശ്രദ്ധേയമായ അഭിനയത്തിലൂടെ മികച്ച നടൻ എന്ന പുരസ്ക്കാരം തന്റെ പേരിനൊപ്പം ചേർത്തു വയ്ക്കുവാൻ ആ സാധു മനുഷ്യന് കഴിഞ്ഞപ്പോൾ ഇവിടെ മാറ്റിയെഴുതപ്പെട്ടത് അഭിനയമികവിന്റെ മാനദണ്ഡങ്ങളായിരുന്നു.
2019 ലെ ''വെയിൽ മരങ്ങൾ "എന്ന ചിത്രവും അന്താരാഷ്ട ചലച്ചിത്രവേദിയിൽ പുരസ്ക്കാരത്തിനർഹമായത്, മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു തൂവൽ സ്പർശമായി അനുഭവപ്പെട്ടു. അന്താരാഷ്ട്ര പുരസ്കാരം നേടാൻ കഴിഞ്ഞത് അദ്ദേഹത്തിൻ്റെ അഭിനയപ്രതിഭയ്ക്കുള്ള വലിയ അംഗീകാരമാണ്.
"അഞ്ചാംപാതിര" -യിലെ കൊലയാളി കഥാപാത്രം അതുവരെ അദ്ദേഹം കൊണ്ടു നടന്ന അഭിനയ ചാതുരിയെ ആകമാനം പൊളിച്ചെഴുതുകയാണുണ്ടായത് . ഇപ്പോഴിതാ പുതിയ തലമുറയുടെ സാങ്കേതിക വിദ്യകൾക്കൊപ്പം സഞ്ചരിക്കുവാൻ കഴിയാത്തതിന്റെ വിതുമ്പലുകൾ മനസ്സിൽ ചേർത്തുപിടിക്കുകയും അതിൽ നിന്നു കര കയറാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു പാവം കുടുംബനാഥന്റെ കഥാപാത്രത്തിലേക്ക് അദ്ദേഹം അനായാസം ചേക്കേറി.
''ഇന്ദ്രൻസ് "എന്ന അഭിനയപ്രതിഭ നമ്മളെ വിസ്മയിപ്പിക്കുന്നു . പുതിയകാല സിനിമകളുടെ ചേരുവകളായ അസഭ്യവർഷമില്ലാതെ ഒരു ജീവസ്സുറ്റ പ്രമേയം അതിന്റെ എല്ലാ അർത്ഥതലങ്ങളോടെയും ആവിഷ്ക്കരിക്കുന്നതിൽ വിജയം കൈവരിച്ച " ഹോം " എന്ന സിനിമയുടെ സംവിധായകൻ റോജി തോമസ് മിടുക്കനാണ്.
സ്ഥിരമായി ഹാസ്യ കഥാപാത്രങ്ങളുടെ തണൽ പറ്റി, ദിവസങ്ങൾ തള്ളിനീക്കുന്ന "മഞ്ജു പിള്ളക്കും" ശ്രദ്ധേയമായ വേഷങ്ങളിലേക്ക് സന്നിവേശിക്കുവാൻ കഴിയും എന്ന വസ്തുതയും ശ്രദ്ധിക്കപ്പെടേണ്ടതാണ് .
സിനിമയിൽ നായകന് ഗ്ലാമർ അനിവാര്യമല്ലെന്ന് തെളിയിച്ച അഭിനയപ്രതിഭയാണ് ഇന്ദ്രൻസ് -