ആത്മാവിൻ പുസ്‌തകത്താളിൽ ഒരു മയിൽപ്പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിൻ വാൽക്കണ്ണാടിയുടഞ്ഞു
വാർമുകിലും സന്ധ്യാംബരവും ഇരുളിൽ പോയ്‌മറഞ്ഞു
കണ്ണീർ കൈവഴിയിൽ ഓർമ്മകൾ ഇടറിവീണു
(ആത്മാവിൻ ..)
കഥയറിയാതിന്നു സൂര്യൻ
സ്വർണ്ണത്താമരയെ കൈവെടിഞ്ഞു (2)
അറിയാതെ ആരുമറിയാതെ
ചിരിതൂകും താരകളറിയാതെ
അമ്പിളിയറിയാതെ ഇളംതെന്നലറിയാതെ
യാമിനിയിൽ ദേവൻ മയങ്ങി
(ആത്മാവിൻ ..)
നന്ദനവനിയിലെ ഗായകൻ
ചൈത്രവീണയെ കാട്ടിലെറിഞ്ഞു (2)
വിടപറയും കാനനകന്യകളേ
അങ്ങകലേ നിങ്ങൾ കേട്ടുവോ
മാനസതന്ത്രികളിൽ വിതുമ്പുന്ന പല്ലവിയിൽ
അലതല്ലും വിരഹഗാനം ...
(ആത്മാവിൻ ..)