എന്നും കാലഘട്ടത്തിനനുസരിച്ച് സിനിമ ഒരുക്കുന്ന സംവിധായകനാണ് കമൽ. ഏത് തലമുറക്കാരുടെയും വികാരവിചാരങ്ങൾ ഉൾക്കൊള്ളാനും പുതിയ പ്രമേയങ്ങൾ കണ്ടെത്തി അത് പ്രേക്ഷകരുടെ അഭിരുചിക്കൊപ്പം അവതരിപ്പിക്കുവാനും ഈ സംവിധായകന് കഴിയുന്നു. ജെ.സി. ഡാനിയേലിന്റെയും മാധവിക്കുട്ടിയുടേയും ജീവിതത്തെ യാഥാർഥ്യത്തോടെ അവതരിപ്പിച്ചും പ്രേക്ഷകർക്ക് ദൃശ്യാനുഭവത്തിന്റെ വേറിട്ട വഴികൾ കാട്ടിക്കൊടുക്കുകയും ചെയ്ത കമൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്.
തൊടുപുഴ മണക്കാട്ടെ പുരാതനമായ ഒരു തറവാടായിരുന്നു ലൊക്കേഷൻ. ഈ ചിത്ര ത്തിന്റെ പ്രധാന ലൊക്കേഷനുമാണിവിടം. നായകകഥാപാത്രമായ വിവേകാനന്ദനെ അവതരിപ്പിക്കുന്ന ഷൈൻ ടോം ചാക്കോയുടെ വീടായിട്ടാണ് ഇവിടം ചിത്രീകരിക്കുന്നത്. സെറ്റിൽ ഷൈൻ ടോം, ചാക്കോ, ഗ്രേസ് ആന്റണി, സാസ്വിക, ജോണി ആന്റണി, മാലാ പാർവ്വതി എന്നീ അഭിനേതാക്കളുണ്ട്.
ഷൈൻ ടോം ചാക്കോയുടെ ചലച്ചിത്ര ജീവിതം തുടങ്ങുന്നത് തന്നെ കമലിനൊപ്പമാണ്. സഹസംവിധായകനായി തുടങ്ങി പിന്നീട് അഭിനയരംഗത്ത് കടന്നുവന്നതും കമൽ ചിത്രത്തിലൂടെയാണ്; ചിത്രം ഗദ്ദാമ. സംവിധായകനായും നടനായും അങ്കം കുറിക്കാൻ കമലിന്റെ കളരിതന്നെ ഭാഗ്യമായി കരുതുന്നുവെന്ന് ഷൈൻ പറയുന്നു. ഇന്ന് യുവനിരയിലെ മുൻനിര നായകനായി തന്റെ ഗുരുവിനോടൊപ്പം അഭിനയിക്കുകയാണ് ഷൈൻ. വിവേകാനന്ദൻ എന്ന നായകകഥാപാത്രമായി നിലകൊള്ളുമ്പോൾ തന്നെ ശക്തമായ അഞ്ച് സ്ത്രീകഥാപാത്രങ്ങളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നു.
സാസ്വികാ, ഗ്രേസ് ആന്റണി, മെറീനാ മൈക്കിൾ, മാലാ പാർവ്വതി, അനുഷാ മോഹൻ എന്നിവരാണിവർ. ഗ്രാമീണാന്തരീക്ഷവും നഗരവും ഈ ചിത്രത്തിന് ഒരുപോലെ പശ്ചാത്തലമാകുന്നുണ്ട്. ഒരു സർക്കാർ ജീവനക്കാരനാണ് വിവേകാനന്ദൻ. നമ്മുടെ സമൂഹത്തിൽ അന്തർമുഖരായ ചില കഥാപാത്രങ്ങളുണ്ടാകും. വിവേ കാനന്ദന്റെ വ്യക്തിജീവിതത്തിലും അന്തർമുഖത്തിന് പ്രാധാന്യമുണ്ട്.
വിവേകാനന്ദന്റെ ജീവിതത്തിലേക്ക് പല സാഹചര്യങ്ങളിലായി കടന്നുവരുന്നതാണ് ഈ അഞ്ച് സ്ത്രീകൾ. അവരിൽ അമ്മയും ഭാര്യയുമുണ്ട്. ഒരു കലാകാരിയും ബ്യൂട്ടീഷ്യനും വ്ളോഗറുമുണ്ട്. ഈ അഞ്ച് സ്ത്രീകഥാപാത്രങ്ങൾ വിവേകാനന്ദന്റെ ജീവിതത്തിൽ വലിയ സ്വാധീനമുണ്ടാക്കുന്നവരാണ്. അവരുടെ കടന്നുവരവും പിന്നീടരങ്ങേറുന്ന സംഭവങ്ങളുമൊക്കെയാണ് ഈ ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. കാലികാപ്രാധാന്യവും സാമൂഹ്യപ്രതിബദ്ധതയുമുള്ള ഒരു വിഷയമാണ് ആക്ഷേപ ഹാസ്യരൂപേണ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് കമൽ വ്യക്തമാക്കി.
ശക്തമായ കുടുംബ ബന്ധങ്ങൾക്കും ഈ ചിത്രം പ്രാധാന്യം നൽകുന്നുണ്ടെന്ന് കമൽ പറഞ്ഞു. സമൂഹത്തിന്റെ ഒരു നേർക്കാഴ്ച തന്നെയാണ് ഈ ചിത്രത്തിലെ വിവേകാനന്ദൻ. നമ്മുടെ സമൂഹത്തിൽ വിവേകാനന്ദൻ ഉണ്ട്. ഇന്ന് ഈ കഥാപാത്രത്തെ അതിന്റെ പൂർണ്ണ തോതിൽ ഉൾക്കൊള്ളാൻ ഷൈൻ ടോം ചാക്കോ ഏറെ അനുയോജ്യനായ നടൻ തന്നെയാണ്. ഇന്നത്തെ കാലഘട്ടത്തിൽ, പ്രത്യേകിച്ച് പുതുതലമുറക്കാരുടെ കാഴ്ചപ്പാടിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.
സിദ്ധാർത്ഥ് ശിവ, നിയാസ് ബക്കർ, ഉണ്ണിരാജ, ശരത് സബ, പ്രമോദ് വെളിയനാട്, സിനോജ് വർഗ്ഗീസ്, വിനീത് തട്ടിൽ, മജീദ്, നീനാക്കുറുപ്പ്, രാധാ ഗോമതി, അഞ്ജലി രാജ് എന്നിവരും പ്രധാന താരങ്ങളാണ്. രചന കമൽ, ഹരി നാരായണന്റെ വരികൾക്ക് ബിജിപാൽ ഈണം പകർന്നിരിക്കുന്നു. പ്രകാശ് വേലായുധനാണ് ഛായാഗ്രാഹകൻ, എഡിറ്റിംഗ് രഞ്ജൻ എബ്രഹാം, കലാസംവിധാനം ഇന്ദുലാൽ കവീദ്, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽദാസ്, മേക്കപ്പ് പാണ്ഡ്യൻ, കോസ്റ്റും ഡിസൈൻ സമീരാസനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബഷീർ കാഞ്ഞങ്ങാട്, പ്രൊഡക്ഷൻ മാനേജർ നികേഷ് നാരായണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എസ്സാൻ, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ. നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നസീബ് നെടിയത്ത്, ഷെല്ലിരാജ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിലും കൊച്ചിയിലുമായി പൂർത്തിയായിരിക്കുന്നു.