ഇലക്ട്രിക് വാഹനങ്ങൾ പെട്രോൾ, ഡീസൽ കാറുകളെ അപേക്ഷിച്ച് കൂടുതൽ വിഷലിപ്തമായ കണങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നുവെന്നും പരിസ്ഥിതിക്ക് ഇവ പരമ്പരാഗത ഇന്ധന വാഹനങ്ങളെക്കാളും ദോഷകരമാണെന്നും പഠനം അവകാശപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് കൂടുതൽ ആളുകൾ ആശങ്കാകുലരാകുന്ന സാഹചര്യത്തിൽ, പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിൽ താത്പര്യം വർദ്ധിച്ചുവരികയാണ്. ഗ്രീൻഹൗസ് വാതക ഉദ്‌വമനം കുറവായതിനാൽ പെട്രോൾ, ഡീസൽ കാറുകളേക്കാൾ പരിസ്ഥിതിക്ക് നല്ലതാണ് ഇലക്ട്രിക് വാഹനങ്ങൾ (ഇവികൾ) എന്ന് പലരും വിശ്വസിക്കുന്നു.
എന്നിരുന്നാലും, ഉദ്വമനം വിശകലനം ചെയ്യുന്ന എമിഷൻ അനലിറ്റിക്സ് എന്ന സ്ഥാപനത്തിന്റെ സമീപകാല പഠനം ഈ ആശയത്തെ വെല്ലുവിളിക്കുന്നു. വാൾ സ്ട്രീറ്റ് ജേണൽ ഒപ്പീഡിൽ അവതരിപ്പിച്ച ഈ പഠനം, ഇലക്ട്രിക്, ഗ്യാസോലിൻ കാറുകളിലെ ബ്രേക്കുകളിൽ നിന്നും ടയറുകളിൽ നിന്നുമുള്ള മലിനീകരണത്തിലേക്ക് ശ്രദ്ധ ആകർഷിക്കുന്നു.
ഇലക്ട്രിക് വാഹനങ്ങളുടെ കൂടുതൽ ഭാരം മൂലം, ഫലപ്രദമായ എക്‌സ്‌ഹോസ്റ്റ് ഫിൽട്ടറുകളുള്ള ആധുനിക ഗ്യാസ്-പവർഡ് വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അവ ബ്രേക്കുകളിൽ നിന്നും ടയറുകളിൽ നിന്നും ഗണ്യമായി കൂടുതൽ കണികകൾ പുറത്തുവിടുന്നുവെന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ. ഇത് 1,850 മടങ്ങ് കൂടുതലായിരിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു.
ഇലക്ട്രിക് വാഹനങ്ങളുടെ കൂടിയ ഭാരം മൂലം ടയറുകൾ കൂടുതൽ വേഗത്തിൽ നശിക്കുന്നതിനാൽ ദോഷകരമായ രാസവസ്തുക്കൾ വായുവിലേക്ക് പുറന്തള്ളപ്പെടുന്നുവെന്ന് എമിഷൻ അനലിറ്റിക്സ് ചൂണ്ടിക്കാട്ടുന്നു. കാരണം, മിക്ക ടയറുകളും ക്രൂഡ് ഓയിലിൽ നിന്ന് ഉരുത്തിരിഞ്ഞ സിന്തറ്റിക് റബ്ബറിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ബാറ്ററി ഭാരത്തിന്റെ ആഘാതവും പഠനം എടുത്തുകാണിക്കുന്നു. പരമ്പരാഗത ഗ്യാസോലിൻ എഞ്ചിനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്ക് സാധാരണയായി കനത്ത ബാറ്ററികളാണ് ഉള്ളത്. ഇത്തരം അധിക ഭാരം ബ്രേക്കുകളിലും ടയറുകളിലും കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു, ഇത് വേഗത്തിലുള്ള തേയ്മാനത്തിന് കാരണമാകുന്നു. ഏകദേശം 1,800 പൗണ്ട് ഭാരമുള്ള ബാറ്ററികൾ ഉള്ള ടെസ്‌ല മോഡൽ വൈ, ഫോർഡ് എഫ്-150 ലൈറ്റ്‌നിംഗ് എന്നീ വാഹനങ്ങളെ പഠനം ഉദ്ധരിക്കുന്നു. ആധുനിക ഗ്യാസോലിൻ കാറിൽ നിന്നുള്ള എക്‌സ്‌ഹോസ്റ്റ് ഉദ്‌വമനത്തേക്കാൾ 400 ഇരട്ടിയിലധികം ടയർ ഉദ്‌വമനമുള്ള ഒരു ഇവിയുടെ മാതൃക പഠനം അവതരിപ്പിക്കുന്നു.
പരമ്പരാഗതമായി ടെയിൽപൈപ്പ് ഉദ്വമനത്തെയാണ് പരിഗണിച്ചിരുന്നതെങ്കിൽ, ഇവിയുടെ പാരിസ്ഥിതിക ആഘാതം വിലയിരുത്തുമ്പോൾ ബ്രേക്കുകളിൽ നിന്നും ടയറുകളിൽ നിന്നുമുള്ള മലിനീകരണവും പരിഗണിക്കേണ്ടതുണ്ടെന്ന് ഈ പഠനം സൂചിപ്പിക്കുന്നു.