Mullaperiyar Dam
കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് മുല്ലപ്പെരിയാറിന്റെ ബലക്ഷയത്തെപ്പറ്റിയും, ചോർച്ചയെ പറ്റിയുമൊക്കെ. കേരളത്തിലെ മൊത്തം ജനതയുടെ ഉള്ളിൽ ഭയം നിറച്ചിരിക്കുന്ന മുല്ലപെരിയാർ അണക്കെട്ടിന്റെ ചരിത്രം നമ്മളിൽ എത്രപേർക്ക് അറിയാം?.
ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ കുമിളി എന്ന ഗ്രാമത്തിൽ ആണ് മുല്ലപെരിയാർ അണകെട്ട് സ്ഥിതിചെയ്യുന്നത്. തമിഴ്നാട് അതിർത്തിയിലെ ശിവഗിരി മലകളിൽനിന്നും ഉത്ഭവിക്കുന്ന വിവിധ പോഷക നദികൾ ചേർന്ന് ഉണ്ടാകുന്ന മുല്ലയാർ ആണ് പെരിയാർ നദിയായി അറിയപ്പെടുന്നുത്.
മുല്ലയാർ നദിക്കു കുറുകെ പണിതീർത്ത അണക്കെട്ടാണ് മുല്ലപെരിയാർ അണക്കെട്ട്. ഈ അണക്കെട്ടിന്റെ ജലസംഭരണിക്ക് ചുറ്റും ആയിട്ടാണ് തേക്കടിയിലെ പെരിയാർ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന നിശ്ചിതഅളവു വെള്ളം, തമിഴ്‌നാട്ടിൽ ജലസേചനത്തിനും വൈദ്യുതി നിർമ്മാണത്തിനുമാണ് ഉപയോഗിക്കുന്നത്. അണക്കെട്ടിൽനിന്നും പെൻസ്റ്റോക്ക് പൈപ്പുകൾ വഴിയാണ് വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകുന്നത്.
അറബിക്കടലിലേക്കൊഴുകിയിരുന്ന, കേരളത്തിലെ പെരിയാർ നദിയിലെ വെള്ളം, ഒരണക്കെട്ടു നിർമ്മിച്ച് ബംഗാൾ ഉൾക്കടലിലേക്കു തിരിച്ചുവിടാൻ കഴിഞ്ഞാൽ മദ്രാസിലെ കഠിനവരൾച്ചയനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളായ മധുര, രാമനാഥപുരം, ദിണ്ടിഗൽ, കമ്പം, തേനിമുതലായ പ്രദേശങ്ങൾക്ക്, കാർഷികാവശ്യങ്ങൾക്കാവശ്യമായ വെള്ളം ലഭ്യമാക്കാമെന്നതായിരുന്നു മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രധാന നിർമ്മാണോദ്ദ്യേശം. ഈ പ്രദേശത്തേക്കു വെള്ളമെത്തിച്ചുകൊണ്ടിരുന്നത്, വൈഗൈ നദിയിലൂടെയായിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടു വന്നാൽ, വൈഗനദിയിലൂടെ ലഭ്യമാകുന്ന ജലത്തേക്കാൾ കൂടുതൽ വെള്ളം, മുല്ലപ്പെരിയാറിൽ നിന്നുകിട്ടുമെന്നത്, ഈ പദ്ധതിയുടെ മറ്റൊരു പ്രധാനോദ്ദേശലക്ഷ്യമായിരുന്നു.
1789 -ൽ തമിഴ്നാട്ടിലെ രാമനാട് മുത്തുരാമലിംഗ സേതുപതി രാജാവിന്റെ പ്രധാനിയായിരുന്ന മുതിരുള്ളപ്പപ്പിള്ള മുൻകൈ എടുത്താണ് പെരിയാറിലെ വെള്ളം വൈഗൈ നദിയിൽ എത്തിക്കാനുള്ള ആദ്യ ആലോചനകൾ നടന്നത്.
അദ്ദേഹം ബ്രിട്ടീഷുകാരുമായി സഖ്യത്തിലായിരുന്നു എങ്കിലും സേതുപതി രാജാവ് ബ്രിട്ടീഷുകാരോട് യുദ്ധം പ്രഖ്യാപിച്ചതുമൂലം പദ്ധതി ആദ്യം നടപ്പിലായില്ല.യുദ്ധം തോറ്റ സേതുപതിക്ക് താമസിയാതെ പദവി നഷ്ടപ്പെടുകയും, പ്രദേശം മദിരാശി പ്രസിഡൻസിയുടെ കീഴിലുമായി.
തേനി, മധുര, ദിണ്ടിക്കൽ, രാമനാഥപുരം എന്നിവടങ്ങളിലെ ജലക്ഷാമം ബ്രിട്ടീഷുകാർക്കു തലവേദനയായിത്തീർന്നു. ഇതേ സമയം തിരുവിതാംകൂറിലെ പെരിയാറ്റിൽ പ്രളയം സൃഷ്ടിക്കുന്ന കാലാവസ്ഥയും. ബ്രിട്ടീഷുകാർ പെരിയാർ നദിയിലെ വെള്ളം പശ്ചിമഘട്ടത്തിലെ മല തുരന്ന് മധുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെത്തിക്കാൻ പദ്ധതിയിട്ടു. ഇതിനായി ജെയിംസ് കാഡ്‌വെല്ല് എന്ന വിദഗ്ദനെ പഠനം നടത്താനായി നിയോഗിച്ചു.
ജയിംസ് കാഡ്‌വെല്ലിന്റെ നിഗമനം പദ്ധതിക്കെതിരായിരുന്നെങ്കിലും വെള്ളം തിരിച്ചു വിടാനുള്ള ശ്രമത്തിൽ നിന്ന് ബ്രിട്ടീഷുകാർ പിന്മാറാൻ തയ്യാറായിരുന്നില്ല. പിന്നീട് ക്യാപ്റ്റൻ ഫേബറിന്റെ നേതൃത്വത്തിൽ മറ്റൊരു പഠനം നടന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളം തിരിച്ചുവിടാനുള്ള ചെറിയ ഒരു അണക്കെട്ടിന്റെ പണികൾ 1850-ൽ ആരംഭിച്ചു. ചിന്നമുളിയാർ എന്ന കൈവഴിയിലൂടെ വെള്ളം ഗതിമാറ്റി വിടാനായിരുന്നു പദ്ധതി. എന്നാൽ ചില സാഹചര്യങ്ങൾ മൂലം നിർമ്മാണം നിർത്തിവെക്കേണ്ടിവന്നു.
1867-ൽ മധുര ജില്ലാ നിർമ്മാണവിദഗ്ദനായിരുന്ന മേജർ റീവ്സ് മറ്റൊരു പദ്ധതി മുന്നോട്ടുവച്ചു. പെരിയാറിൽ 162 അടി ഉയരമുള്ള അണകെട്ടി ചാലുകൾ വഴി വൈഗൈ നദിയുടെ കൈവഴിയായ സുരുളിയാറിലേക്ക് വെള്ളമെത്തിക്കാനായിരുന്നു ഈ പദ്ധതി നിർദ്ദേശിച്ചത്. എന്നാൽ നിർമ്മാണവേളയിൽ വെള്ളം താൽകാലികമായി തടഞ്ഞുവക്കാനുള്ള ബുദ്ധിമുട്ടുമൂലം പദ്ധതി ഉപേക്ഷിക്കപ്പെടുകയായിരുന്നു. അന്നത്തെ ചീഫ് എഞ്ചിനീയറായിരുന്ന ജനറൽ വാക്കർ നിർദ്ദേശിച്ച മറ്റൊരു പദ്ധതിയും സാങ്കേതിക പ്രശ്നങ്ങൾ മൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു.
1882-ൽ നിർമ്മാണവിദഗ്ദരായ ക്യാപ്റ്റൻ പെനിക്യുക്ക്, ആർ സ്മിത്ത് എന്നിവർ പുതിയ പദ്ധതിസമർപ്പിക്കാനായി നിയോഗിക്കപ്പെട്ടു. പഴയ എല്ല പദ്ധതികളും പഠനവിധേയമാക്കിയശേഷം പുതിയതു സമർപ്പിക്കാനായിരുന്നു നിർദ്ദേശം. ഇതനുസരിച്ച് 155 അടി ഉയരമുള്ള അണക്കെട്ടിന് പെനിക്യുക്ക് പദ്ധതി തയ്യാറാക്കി. താഴെ 115.75 അടിയും മുകളിൽ 12 അടിയുമായിരുന്നു വീതി.
53 ലക്ഷം രൂപ ചെലവ് പ്രതീക്ഷിച്ചിരുന്ന അണക്കെട്ടിനു ചുണ്ണാമ്പ്, സുർക്കി, കരിങ്കൽ എന്നിവയുപയോഗിച്ചായിരുന്നു പണിതീർക്കാൻ തീരുമാനിച്ചിരുന്നത്. ഈ തുകയുടെ ഏഴുശതമാനം വീതം എല്ലാവർഷവും പദ്ധതിയിൽ നിന്ന് തിരിച്ചുകിട്ടുമെന്നായിരുന്നു കണ്ടെത്തൽ. കൊടും വരൾച്ചയിൽ പൊറുതിമുട്ടിയ ബ്രിട്ടീഷ് സർക്കാർ പദ്ധതി അംഗീകരിച്ചു നിർമ്മാണനിർദ്ദേശം നൽകി.
ബ്രിട്ടീഷ് ആർമിയിലെ നിർമ്മാണവിദഗ്ദരും തൊഴിലാളികളും ചേർന്നാണ് ഇന്നത്തെ അണക്കെട്ട് നിർമ്മിച്ചിട്ടുള്ളത്. പെരിയാർ തടാകവും ഇതോടുകൂടി രൂപം കൊള്ളുകയായിരുന്നു. വെള്ളം വൈഗൈയിലേക്കും ഒഴുകിത്തുടങ്ങി. മദിരാശി സർക്കാരിന്റെ ഗവർണർ കന്നിമാരപ്രഭുവാണ് മരം മുറിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തത്. തേക്കടിയിൽ കാര്യാദർശികൾക്കായുള്ള തമ്പുകളും തൊഴിലാളികൾക്ക് തങ്ങാനുള്ള തമ്പുകളും ഉണ്ടാക്കി. കൂറ്റൻ മരങ്ങൾ മുറിക്കുന്നതു തന്നെ വളരെ അതികം പ്രയാസം നേരിടുന്ന ഒന്നായിരുന്നു.
രാമനാഥപുരത്തു നിന്നാണ് ആദ്യം തൊഴിലാളികൾ എത്തിയിരുന്നത്. ദിവസം ആറണയായിരുന്നു (38 പൈസ) കൂലി. എന്നാൽ മലമ്പനിയും മറ്റും ഭീഷണിയുയർത്തിയപ്പോൾ കമ്പം, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരേണ്ടിവന്നു.
കൊച്ചിയിൽ നിന്ന് പോർത്തുഗീസ് ആശാരിമാരും ഗുജറാത്തിലെ കച്ച്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നും കുമ്മായം തേപ്പുകാരേയും കൊണ്ടുവന്നു. അണക്കെട്ട് സ്ഥാപിക്കേണ്ട സ്ഥലത്തെ പാറതുരക്കാനായി കൈകൊണ്ട് തുരക്കുന്ന തിരുപ്പുളിയന്ത്രങ്ങൾ ഉപയോഗിച്ചു നോക്കിയെങ്കിലും സമയം കൂടുതൽ എടുക്കുന്നതിനാൽ യന്ത്രവൽകൃത കടച്ചിൽ ഉപകരണങ്ങൾ താമസിയാതെ ഉപയോഗിച്ചു തുടങ്ങുകയായിരുന്നു.
ആറിഞ്ചു കനത്തിൽ കരിങ്കല്ല് പൊട്ടിച്ചെടുത്ത് അടുക്കിവെച്ച് സുർക്കിയും, മോർട്ടാറും ഉപയോഗിച്ചായിരുന്നു അണക്കെട്ട് കെട്ടിപ്പൊക്കിയത്. അണക്കെട്ടിന്റെ പദ്ധതി പ്രദേശത്ത് - റോഡ്, ജലമാർഗ്ഗം, റെയിൽവേ തുടങ്ങിയ മാർഗ്ഗങ്ങളിലൂടെയാണ് നിർമ്മാണ സാമഗ്രികൾ എത്തിച്ചിരുന്നത്.
താൽക്കാലിക അണക്കെട്ട് രണ്ടു പ്രാവശ്യം മഴവെള്ളത്തിൽ തകർന്നു പോയിരുന്നു. അതോടൊപ്പം തൊഴിലാളികളും ഒലിച്ചുപോയി. ആനകളുടേയും, മറ്റു വന്യജീവികളുടേയും ആക്രമണങ്ങളും ഇടയ്ക്കിടയ്ക്ക് ഉണ്ടായിരുന്നു.
അണക്കെട്ടിന്റെ നിർമ്മാണത്തിനായി വിവിധ കാലയളവുകളിൽ അവിടെ ഏതാണ്ട് 5000 ഓളം ആളുകൾ ജോലി ചെയ്തിരുന്നു. 1892 ൽ 76 പേരും, 1893 ൽ 98 പേരും, 1894 ൽ 145 പേരും, അതിനടുത്ത കൊല്ലം 123 പേരും നിർമ്മാണഘട്ടത്തിൽ മരണമടഞ്ഞു. അണക്കെട്ടിലെ ജലാശയത്തിൽ നിന്നും തമിഴ്നാട്ടിലെ വൈഗായ് നദിയിലേക്ക് ഏതാണ്ട് 5704 അടി നീളം വരുന്ന വെള്ളം കൊണ്ടുപോകുന്ന തുരങ്കം നിർമ്മിച്ചിട്ടുണ്ട്. ഇത് മുഴുവൻ ചുണ്ണാമ്പുകൊണ്ടു ആണ്നിർമ്മിച്ചത്.
പെരിയാർ കേരളത്തിലെ നദിയായിരുന്നതിനാൽ പദ്ധതിയനുസരിച്ച് അന്നത്തെ കേരളമായിരുന്ന തിരുവിതാംകൂറിന്റെ സമ്മതം ആവശ്യമായിരുന്നു. വിശാഖം തിരുനാൾ രാമവർമ്മയായിരുന്നു അന്നത്തെ ഭരണാധികാരി. ഒരു കരാറിൽ ഏർപ്പെടാൻ ആദ്യം അദ്ദേഹം സന്നദ്ധനായിരുന്നില്ല. ബ്രിട്ടീഷ് അധികാരികൾ നയപരമായ ബലപ്രയോഗത്തിലൂടെ തിരുവിതാംകൂറിനെ 1886-ൽ ഉടമ്പടിയിൽ ഒപ്പുവെപ്പിക്കുകയായിരുന്നു. എന്റെ ഹൃദയരക്തംകൊണ്ടാണ് ഞാൻ ഒപ്പുവയ്ക്കുന്നത് എന്നാണ് വിശാഖം തിരുനാൾ മാർത്താണ്ഡവർമ വ്യസനത്തോടെ ഈ കരാറിനെ വിശേഷിപ്പിച്ചത്.
പെരിയാർ പാട്ടക്കരാർ :
1886 ഒക്ടോബർ 29ന് - തിരുവിതാംകൂർ മഹാരാജാവ് വിശാഖം തിരുനാളും ബ്രിട്ടീഷ് ഭരണകൂടവും ചേർന്ന് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ച് പെരിയാർ ജലം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി കൃഷിനടത്താനുള്ള പെരിയാർ പാട്ടക്കരാറിൽ (Periyar lease deed) ഒപ്പിടുന്നത്. 999 വർഷത്തേക്ക് ആയിരുന്നു കരാർ.
തിരുവിതാംകൂറിനു വേണ്ടി ദിവാൻ വി. രാമഅയ്യങ്കാരും മദിരാശി സംസ്ഥാനത്തിനുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണ് കരാറ് ഒപ്പിട്ടത്.
കരാർ ഭാവിയിൽ നാടിനു ദോഷകരമാകുമെന്ന് വിശാഖം തിരുനാൾ മുൻകൂട്ടി കണ്ടിരുന്നു. പക്ഷേ സമ്മർദ്ദം മൂലം കരാറിൽ ഒപ്പ് വയ്ക്കാതിരിക്കാനാവില്ലെന്ന് മനസ്സിലാക്കിയ മഹാരാജാവ് “എന്റെ ഹൃദയരക്തം കൊണ്ട് ഞാനിതിൽ ഒപ്പ് വയ്ക്കുന്നു” എന്നാണു പ്രതികരിച്ചത്. മരാമത്ത് സെക്രട്ടറി കെ. കെ. കുരുവിള, ജെ. എച്ച് പ്രിൻസ്, ജെ.സി ഹാനിങ്ടൺ എന്നിവരായിരുന്നു കരാറിൽ ഒപ്പിട്ട സാക്ഷികൾ. അടുത്തകാലത്താണ് ഏഴു പേജുള്ള കരാറിന്റെ അസൽ കണ്ടെടുത്തത്.
999 വർഷത്തേക്ക് ഒപ്പിട്ട കരാറനുസരിച്ച് തിരുവിതാംകൂറിന്റെ അധീനതയിലുള്ള 8000 ഏക്കർ സ്ഥലത്ത് പെരിയാറിനെ അണകെട്ടി നിർത്താനും, കൂടാതെ അണയ്ക്കു 100 ഏക്കർ സ്ഥലം കൂടി നൽകാനുമായിരുന്നു വ്യവസ്ഥ.
ഇതിന് എക്കർ ഒന്നിന് അഞ്ചു രൂപ വച്ച് കേരളത്തിനു പാട്ടം നൽകണം. ഏകദേശം നാല്പതിനായിരം രൂപയാണ് അന്ന് കേരളത്തിനു ലഭിച്ചിരുന്നത്.
116 വർഷം മുൻപ് പൂർത്തിയായ അണയിൽ നിന്ന് ഒരു വർഷം ശരാശരി 60 ടി. എം. സി. വീതം ഇതുവരെ 6960 ടി. എം. സി. വെള്ളം തമിഴ്നാടിലെത്തിയുട്ടുണ്ട്. ബ്രിട്ടീഷുകാർ പോയതോടെ സാധുത നഷ്ടപെട്ട കരാർ പുതുക്കാൻ 1958 നവംബറിൽ അന്നത്തെ മുഖ്യമന്ത്രി ഈ. എം. എസ്സുമായും 1960 ജൂലൈയിൽ മുഖ്യമന്ത്രി പട്ടം താണുപിള്ളയുമായും 1969ൽ വീണ്ടും മുഖ്യമന്ത്രി ഈ. എം. എസ്സുമായൊന്നും നടത്തിയ ചർച്ചകൾക്കൊന്നും കേരളം വഴങ്ങിയില്ല.
എന്നാൽ 1970 മേയ് 29നു മുഖ്യമന്ത്രി സി. അച്യുതമേനോന്റെ കാലത്ത് കരാർ പുതുക്കി. 1954 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കിയ കരാറനുസരിച്ച് പാട്ടത്തുക ഏക്കറിനു മുപ്പതു രൂപയായും ലോവർ ക്യാമ്പിൽ മുല്ലപ്പെരിയാർ ജലമുപയോഗിച്ച് നിർമ്മിക്കുന്ന വൈദ്യുതിക്ക് കിലോവാട്ട് വർഷത്തിൽ 12 രൂപയായും നിശ്ചയിച്ചു. നിയമസഭയുടെ അനുമതിയില്ലാതെയായിരുന്നു ഇത്.
1970ൽ പുതുക്കിയ സമയത്ത് ഓരോ 30 വർഷത്തിലും കരാർ പുതുക്കണമെന്ന വ്യവസ്ഥയുണ്ട്. 2000ൽ വീണ്ടും പുതുക്കേണ്ടിയിരുന്ന കരാർ തർക്കത്തെത്തുടർന്ന് പുതിക്കിയില്ലെങ്കിലും പഴയനിരക്കിൽ മുടങ്ങാതെ തമിഴ്നാട് പണം കേരളസർക്കാരിനടയ്ക്കുന്നുണ്ടു.
ദിവാൻ സർ.സി.പി.ഈ പാട്ടക്കരാർ റദ്ദാക്കാൻ അന്നത്തെ വൈസ്രോയ് ആയിരുന്ന മൗണ്ട് ബാറ്റണെ കണ്ട് ആശങ്ക അറിയിച്ചിരുന്നു എങ്കിലും , ബ്രീട്ടീഷ് സർക്കാർ കരാർ ലംഘിച്ച് വൈദ്യുതി നിർമ്മാണവുമായി മുന്നോട്ടുപോകുകയായിരുന്നു. പരിഹരിക്കാൻ വേണ്ടതുചെയ്യാം എന്ന് വൈസ്രോയ് പറഞ്ഞുവെന്ന് സി.പി.യുടെ തിരുവിതാംകൂർ രാജാവിനുള്ള റിപ്പോർട്ടിൽ പറയുന്നുണ്ട്. പക്ഷെ ഒന്നും സംഭവിച്ചില്ല. ഇന്ത്യ സ്വതന്ത്ര ആയതുമുതൽക്കു തന്നെ കരാർ പുതുക്കാൻ തമിഴ്നാട് ശ്രമം തുടങ്ങിയിരുന്നു. 1958 നവംമ്പർ 9ന് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി , കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഇ.എം,എസ് നമ്പൂതിരിപ്പാടുമായി ചർച്ച നടത്തി. ശേഷം ഈ വിഷയത്തിൽ തന്നെ ധാരാളം എഴുത്തുകുത്തുകളും തമിഴ്നാടും കേരളവുമായി നടത്തി.1960 ജൂലായ് നാലിന് ശ്രീ പട്ടം താണുപിള്ളയുമായും , 1969 മെയ് 10ന് വീണ്ടും മുഖ്യമന്ത്രി ഇ.എം.എസ്സുമായി യഥാക്രമം തമിഴ്നാട് ചർച്ചകൾ നടത്തുകയുണ്ടായി. പിന്നീട് 1970 മെയ് 29ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ.സി.അച്യുതമേനോനുമായി നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിൽ , ഈ പാട്ടക്കരാർ പുതുക്കാൻ തീരുമാനമായി. തമിഴ്‌നാടിനുവേണ്ടി പൊതുമരാമത്ത് സെക്രട്ടറി കെ. എസ്സ്. ശിവസുബ്രഹ്മണ്യവും കേരള സർക്കാറിനുവേണ്ടി അന്നത്തെ ജലവൈദ്യുത സെക്രട്ടറി കെ.പി. വിശ്വനാഥൻ നായരുമാണ് കരാറിൽ ഒപ്പുവെച്ചത്.
പുതുക്കിയ കരാറിൽ 1886 ലെ കരാറിലെ വ്യവസ്ഥകൾ എല്ലാം നിലനിർത്തുകയും, വളരെ പ്രധാനപ്പെട്ട ഒരു നിബന്ധനകൂടി ഉൾപ്പെടുത്തകയും കൂടി ചെയ്തു. അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് പവർഹൗസിൽ വൈദ്യുതി ഉല്പാദനം കൂടി അനുവദിക്കാൻ പുതിയ കരാർ തമിഴ്നാടിന് അനുമതി നൽകി.
1886 ലെ കരാറിൽ പാട്ടതുക ഏക്കറിന് അഞ്ചുരൂപയായിരുന്നത് , പുതുക്കിയ കരാറിൽ ഏക്കറിന് മുപ്പത് രൂപയാക്കി ഉയർത്തി. കൂടാതെ കരാർ തീയതിമുതൽ മുപ്പതു വർഷം കൂടുമ്പോൾ പാട്ടതുക പുതുക്കാം എന്നും പുതുിയ കരാർ വ്യവസ്ഥ ചെയ്തിരുന്നു.
പെരിയാർ പവർഹൗസിൽ തമിഴ്നാടിന്റെ ആവശ്യത്തിനായ് മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാൻ തമിഴ്നാടിന് അനുമതി നൽകുന്നതായിരുന്നു പുതുക്കിയ കരാർ. ഈ വൈദ്യുതി ഉല്പാദന ആവശ്യത്തിലേക്കായി കുമളി വില്ലേജിൽ 42.17 ഏക്കർ സ്ഥലവും തമിഴ്നാടിൻ പാട്ടത്തിൽ നൽകാൻ പുതിയ കരാർ അനുവദിക്കുന്നു.
വൈദ്യുതി ഉല്പാദനത്തിന് 350 ദശലക്ഷം യൂണിറ്റ്‌വരെ ഒരു കിലോവാട്ട് ഈയറിന് 12 രൂപ തോതിൽ തമിഴ്‌നാട് കേരളത്തിന് നൽകണമെന്ന് കരാറിൽ പറഞ്ഞിരിക്കുന്നു. എന്നാൽ വൈദ്യുതിയുടെ അളവ് 350 ദശലക്ഷത്തിൽ കൂടിയാൽ 18 രൂപ വെച്ച് നൽകണം. 8760 യൂണിറ്റാണ് ഒരു കിലോവാട്ട് ഈയർ. ബ്രിട്ടീഷുകാരുടെ ഭരണത്തിൽ നടപ്പിലാക്കിയ 1886 ലെകരാർ ഇന്ത്യ സ്വതന്ത്ര ആയതോടുകൂടി യഥാർത്ഥത്തിൽ കാലഹരണപ്പെട്ടതാണ്. 1947ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ടിലെ ഏഴാം വകുപ്പ് അനുസരിച്ച് നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഇന്ത്യയുമായുള്ള എല്ലാകരാറുകളും റദ്ദായി , അതനുസരിച്ച് ഈ 1886 ലെകരാർ അസാധുവായി മാറി. 1970ലെ പുതുക്കിയ കരാർ ആണ് മുല്ലപ്പെരിയാർ വിഷയത്തിൽ ഇപ്പോൾ കേരളത്തിന്റെ പ്രശ്നം.
ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്. നിർമ്മാണകാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. സുർഖി മിശ്രിതം ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകത ഇതിനുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ അണക്കെട്ട്. കേരളത്തിൽ തന്നെ ഉത്ഭവിച്ച് അവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്. ബ്രിട്ടീഷ് സാമ്രാജ്യ ഭരണകാലത്ത് കേരളത്തിലെ പശ്ചിമഘട്ടപ്രദേശത്തുനിന്നും മഴനിഴൽ പ്രദേശങ്ങളായ, മധുര, തേനി തുടങ്ങിയ തമിഴ്‌ഭാഗങ്ങളിലേക്ക് ജലസേചനത്തിനായി ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ചിട്ടുള്ളതാണ് ഈ അണക്കെട്ട്. അസ്തിവാരത്തിൽ നിന്നും ഏതാണ്ട് 53.6മീറ്ററാണ് (176 അടി) അണക്കെട്ടിന്റെ ഉയരം. നീളം 365.7 മീറ്ററും (1200 അടി).
മുല്ലപ്പെരിയാർ അണക്കെട്ടിനോട് അടുത്താണ് പെരിയാർ കടുവ സംരക്ഷിത പ്രദേശം.1895-ൽ നിർമ്മിച്ച മുല്ലപ്പെരിയാർ അണക്കെട്ട് 999 വർഷത്തേയ്ക്ക് തമിഴ്നാട് പാട്ടത്തിനെടുത്തിരിക്കുകയാണ്. അണക്കെട്ട് നിലനിൽക്കുന്നത് കേരളത്തിന്റെ സ്ഥലത്താണെങ്കിലും , അതിന്റെ നിയന്ത്രണം തമിഴ്നാടിന്റെ കൈവശമാണ്. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ഒരു വിഷയം രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള ഒരു തർക്കത്തിന് വഴിവെച്ചിരിക്കുകയാണ്. ഒരു അണക്കെട്ടിന്റെ കാലാവധി അറുപതു വർഷമാണെന്നിരിക്കേ നൂറു വർഷത്തിനു മുകളിൽ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് അതിന്റെ പ്രാന്തപ്രദേശങ്ങളിലുള്ളവർക്കും, കേരളത്തിലെ അഞ്ചു ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന വാദം കേരളമുയർത്തുമ്പോൾ, ഇതിനെക്കുറിച്ചു നടന്നിട്ടുള്ള ശാസ്ത്രീയ പഠനങ്ങൾ ചൂണ്ടിക്കാണിച്ച് കേരളത്തിന്റെ വാദങ്ങൾക്ക് കഴമ്പില്ലെന്ന് തമിഴ്നാടും വാദിക്കുന്നു. പെരിയാർ പാട്ടക്കരാർ ഇന്ത്യ സ്വതന്ത്രയാവുന്നതിനു മുമ്പ് നിലവിൽ വന്നതാണെന്നും, ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയപ്പോൾ ബ്രിട്ടീഷുകാരും, ഇന്ത്യയിലെ നാട്ടുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന എല്ലാ ഉടമ്പടികളും, കരാറുകളും സ്വയമേവ റദ്ദായി എന്ന് കേരളം സുപ്രീംകോടതിയിൽ വാദിച്ചിരുന്നു.
1979- 81 കാലഘട്ടത്തിൽ നടത്തിയ ബലപ്പെടുത്തൽ അണക്കെട്ടിന് ബലക്ഷയം ആണ് വരുത്തിവെച്ചത് എന്ന് ഇതിനെക്കുറിച്ച് പഠിച്ച എം.ശശിധരന്റെ റിപ്പോർട്ടിൽ പറയുന്നു. അണക്കെട്ടിന്റെ ചുറ്റളവിൽ റിക്ടർ സ്കെയിലിൽ നാലിനു മുകളിൽ വരുന്ന ഭൂകമ്പങ്ങൾ അണക്കെട്ടിന് ഗുരുതര ഭീഷണിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.താൽക്കാലിക ബലപ്പെടുത്തൽ ഇനി നിലനിൽക്കില്ലെന്നും , മറിച്ച് പുതിയ ഡാം മാത്രമാണ് പരിഹാരം എന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട് 2006 നവംബർ 24-ൽ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് പഠിക്കാൻ നാവികസേനാവൃന്ദങ്ങൾ എത്തിയെങ്കിലും കേന്ദ്രനിർദ്ദേശത്തെ തുടർന്ന് അവർ പഠനം നടത്താതെ മടങ്ങുകയായിരുന്നു.
15 ദശലക്ഷം ഘനയടി ജലമാണ് ഡാമിന്റെ സംഭരണശേഷി. എന്നാൽ കോടതി നിർദ്ദേശപ്രകാരമുള്ള അനുവദനീയമായ പരമാവധി സംഭരണ ശേഷി 136 അടിയാണ്. ഇത് 11 ദശലക്ഷം ക്യുബിക് അടിക്ക് തുല്യമാണ്. എന്നാൽ കനത്ത മഴയെത്തുടർന്ന് 2011 നവംബർ 28 ന് രാവിലെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136.4 അടിയായി ഉയരുകയുണ്ടായി. മഴ കുറഞ്ഞതിനെത്തുടർന്ന് 136.3 അടിയായി കുറഞ്ഞെങ്കിലും 11.2 ദശലക്ഷം ഘനയടി വെള്ളമാണ് ഡാമിലുള്ളത്. ഇതിനെത്തുടർന്ന് കൂടുതലുള്ള വെള്ളം സ്പിൽവേയിലൂടെ ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. സെക്കൻറിൽ 107 ഘനയടി വെള്ളമാണ് ഇടുക്കി ഡാമിലേക്ക് ഇപ്രകാരം ഒഴുകുന്നത്. 24 മണിക്കൂർകൊണ്ടാണ് ഇത് ഇടുക്കി ഡാമിലേക്കെത്തുക.
മറ്റൊരു സാധ്യത മുല്ലപ്പെരിയാർ ഡാമിൽ തകർന്നാൽ കുതിച്ചെത്തുന്ന വെള്ളവും മരങ്ങളടക്കമുള്ള മറ്റവശിഷ്ടങ്ങളും ഇടുക്കി ഡാമിന് ഭീഷണിയാകുന്നതു സംബന്ധിച്ചാണ്. മുല്ലപ്പെരിയാർ ഡാം ഒന്നാകെ തകരുകയാണെങ്കിൽ 50 അടി ഉയരത്തിലാണ് വെള്ളം ഇടുക്കി ഡാമിലേക്ക് വെള്ളം കുതിച്ചെത്താൻ സാധ്യത. ഈ ഭാഗത്തുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാർ, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകവിൽ പ്രദേശങ്ങളിലെ 70,000 പേരുടെ ജീവനാണ് ഇതുമൂലം അപകടത്തിലാകുക. ഇവരിൽ 30,000 പേരും തമിഴ് വംശജരാണെന്നത് മറ്റൊരു പ്രത്യേകതയാണ്. ഈ ആഘാതത്തിൽ ഇടുക്കി ഡാം തകർന്നാൽ താഴെയുള്ള 11 അണക്കെട്ടുകളും തകരാം. ഫലത്തിൽ ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജനങ്ങളെയാകെ ബാധിക്കുന്നതിലേക്കാണ് ഇത്തരമൊരു ദുരന്തസാധ്യത വിരൽചൂണ്ടുന്നത്. മുല്ലപ്പെരിയാർ ഡാമിനൊപ്പം ഇടുക്കി ഡാമിൻറെ കൂടി തകർച്ച കേരളത്തെ രണ്ടായി വിഭജിക്കുന്നതിന് ഇടയാക്കുമെന്നാണ് മുല്ലപ്പെരിയാർ ഡാമിൻറെ ബലക്ഷയം പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസേർച് സ്റ്റേഷൻ ടീം നൽകിയ രഹസ്യറിപ്പോർട്ടിൽ പറയുന്നത്.
മുല്ലപ്പെരിയാർ സമഗ്ര ദുരന്തനിവാരണ പദ്ധതിയുടെ(കോംപ്രഹൻസീവ് ഡിസാസ്റ്റർ മാനേജ്മെൻറ് പ്ലാൻ ഫോർ മുല്ലപ്പെരിയാർ ഡാം ഹസാർഡ്) ഭാഗമായി സമർപ്പിച്ച റിപ്പോർട്ടിൽ ഡാമിന്റെ തകർച്ചയെത്തുടർന്ന് 45 മിനിറ്റിനകം 36 കിലോമീറ്റർ താഴെയുള്ള ഇടുക്കി ഡാമിലേക്ക് മേൽ വിവരിച്ച രീതിയിൽ ജലം ഒഴുകിയെത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. ചെറുതോണി ഡാമിൻറെ ഷട്ടറുകൾ പൂർണമായി തുറന്നാൽ പെരിയാറിലൂടെ 40 അടി ഉയരത്തിൽ വെള്ളം കുതിച്ചു പായും എന്നാണ് മറ്റൊരു നിഗമനം. കാലവർഷക്കാലത്താണെങ്കിൽ സ്ഥിതി ഇതിലും ഗുരുതരമാകാം. മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച് റൂർക്കി ഐ. ഐ.ടി.യുമായി ചേർന്ന് പഠനം നടത്താനുള്ള കരാറിൽ കേരളം 2011 നവംബർ 30 ന് ഒപ്പു വച്ചു.
ലോകത്തിൽ ഇന്നു നിലവിലുള്ള ഉയരംകൂടിയ ഭൂഗുരുത്വഅണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്.