ജോജു ജോർജിൻ്റെ ആദ്യ സംവിധാന സംരംഭം 'പണി' ഒക്ടോബർ 24 നാണ് തിയേറ്ററുകളിലെത്തുന്നത്.
നടൻ ജോജു ജോർജ്(Joju George) ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് 'പണി'. ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി.
ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എന്‍റർടെയ്നറാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ 24 നാണ് തിയേറ്ററുകളിലെത്തുന്നത്.
മലയാളത്തിനു പുറമേ ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തുന്നുണ്ട്.
സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ പോസ്റ്ററും 'ഗിരി ആൻഡ് ഗൗരി ഫ്രം പണി' എന്ന ക്യാപ്ഷനിൽ എത്തിയ നായികാ നായകന്മാരുടെ ചിത്രങ്ങളും മറന്നാടു പുള്ളേ... എന്ന ഗാനവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്.
ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിലെത്തി ശേഷം സഹനടനില്‍ നിന്നും നായക നിരയിലേക്കുയർന്ന് മലയാളികളുടെയും അന്യഭാഷാ പ്രേക്ഷകരുടെയുമെല്ലാം പ്രിയപ്പെട്ട നടനായി മാറിയ നടനാണ് ജോജു ജോർജ്. രണ്ടര പതിറ്റാണ്ടിലേറെ പിന്നിട്ട സിനിമാ ജീവിതത്തിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങളായിരുന്നു ജോജുവിന് ലഭിച്ചത്.