ഇന്ന് ലോക ചിരി ദിനം
ഇന്ന് നമുക്കെല്ലാം മനസു തുറന്നൊന്നു ചിരിക്കാം. ഇന്നേ ദിവസം ചിരിച്ചില്ലെങ്കില്‍ പിന്നെ എന്നാണ് ചിരിക്കുക.
കാരണം ഇന്ന് ചിരിക്കാനായി മാത്രം മാറ്റി വച്ചിരിക്കുന്ന ദിനമാണ്.ലോക ചിരിദിനം. പിരിമുറക്കങ്ങളുടെ ലോകത്ത് മനസു നിറയെ സന്തോഷിച്ച്, പൊട്ടി ചിരിച്ച്, ലോകം ഇന്ന് ചിരിദിനം ആഘോഷിക്കുകയാണ്. ചിരി ഒന്നിനും മരുന്നല്ല, പക്ഷെ ഒരു പുഞ്ചിരി കൊണ്ട് ഏതു പ്രശ്‌നത്തിനും പരിഹാരമുണ്ടെന്നത് ഒരു വലിയ സത്യമാണ്. ഈ ചിന്തയില്‍ നിന്നാണ് ലോക ചിരി ദിനത്തിന്റെയും പിറവി.
ചിരി നല്ലതാണെന്ന് നമുക്കെല്ലാവർക്കും അറിയാം, എന്നാൽ ലോക ചിരി ദിനം അതിൻ്റെ പിന്നിലെ ശാസ്ത്രത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു: ചിരി സമ്മർദ്ദം കുറയ്ക്കുകയും മറ്റുള്ളവരുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും നമ്മുടെ മൊത്തത്തിലുള്ള ക്ഷേമം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
നമ്മുടെ രാജ്യത്ത് നിന്നാണ് ചിരിക്കാനൊരു ദിനം എന്ന ആശയം ലോകത്തിന് സമ്മാനമായി ലഭിച്ചതെന്നതില്‍ നമുക്ക് അഭിമാനിക്കാം. 1998 ജനുവരി പത്തിന് ബോംബയിലായിരുന്നു ചിരിദിനത്തിന് തുടക്കം കുറിച്ചത്. ലോക വ്യാപകമായി ചിരിയോഗ മൂവ്‌മെന്റിനു തുടക്കമിട്ട ഡോ. മദന്‍ കത്താരിയയാണ് ചിരിദിനത്തിനും തുടക്കമിട്ടത്. ചിരി ശുഭസൂചകമായ ഒരു വികാരം എന്ന അടിസ്ഥാനത്തിലാണ് അദ്ദേഹം ചിരിയോഗ പ്രസ്ഥാനം തുടങ്ങിയത്.
മനുഷ്യ വികാരങ്ങളെ മാറ്റി മറിക്കാന്‍ തക്ക ശക്തമായ ഒരു മാധ്യമമാണ് ചിരി. അവനവനെ തന്നെയും ചുറ്റുമുള്ളവരെയും സമാധാനത്തിന്റെ മാര്‍ഗത്തിലേക്കു നയിക്കാന്‍ ചിരിയെന്ന മാന്ത്രികന് സാധിക്കും. കാഴ്ചപ്പാടുകളെ സ്വാധീനിച്ച് സമാധാനപ്രിയരുടെ നാടായി ലോകത്തെ മാറ്റിയെടുക്കാന്‍ കഴിയും. ഇത്തരം ആശയങ്ങളുടെ പ്രചാരണമാണ് ചിരിദിനത്തിലൂടെ ഉദ്ദേശിക്കുന്നത്. ഈ ആശയത്തിനു ലഭിച്ച ലോക സ്വീകാര്യതയുടെ തെളിവാണ് ലോകം മുഴുവന്‍ ഇന്ന് ചിരിദിനമായി ആചരിക്കുന്നത്.