അവൻ യുദ്ധം പ്രഖ്യാപിക്കുകയാണ്- 'മാർക്കോ' ടീസർ പുറത്തിറങ്ങി
മോളിവുഡിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘മാർക്കോ’യുടെ ത്രസിപ്പിക്കുന്ന ടീസർ സോഷ്യൽമീഡിയയിൽ കത്തിക്കയറുകയാണ്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ടീസർ ഏറ്റെടുത്ത് മലയാള സിനിമാ ആസ്വാദകർ. മലയാളത്തിലെ തന്നെ ‘മോസ്റ്റ് വയലന്‍റ് ഫിലിം’ എന്ന ലേബലിൽ എത്തുന്ന ‘മാർക്കോ’യുടെ ടീസർ സോഷ്യൽമീഡിയയിൽ എങ്ങും കത്തിക്കയറിയിരിക്കുകയാണ്.
ഉണ്ണി മുകുന്ദന്റെ ഇതുവരെ കാണാത്ത പെർഫോമൻസ് മാർക്കോ സമ്മാനിക്കുമെന്ന് ഏവരും ഇതിനോടകം വിധി എഴുതി കഴിഞ്ഞു. ഒപ്പം പക്കാ വില്ലൻ വേഷത്തിൽ ജഗദീഷും എത്തുന്നുവെന്നാണ് ടീസർ പറഞ്ഞുവെക്കുന്ന സൂചന.
മലയാളം ഇതുവരെ കാണാത്ത വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി 'മാർക്കോ' , 5 ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്. ആക്ഷന് വലിയ പ്രാധാന്യം നല്‍കി സംവിധായകൻ ഹനീഫ് അദേനി ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഇതാദ്യമായാണ് ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത്.
ഹനീഫ് അദേനിയാണ് 'മാര്‍ക്കോ'യുടെ സംവിധായകന്‍. ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമയാണിത്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് ബാനറില്‍ ഷെരീഫ് മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്.