ഒരു വര്‍ഷത്തെ ഇടവേളക്കു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും നായകനായി ബിഗ് സ്ക്രീനിലേക്ക്.
വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും ചെയ്യുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‍കര്‍ ഒക്ടോബര്‍ 31 ന് തിയറ്ററുകളിലെത്തുന്നു.
ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി.
1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെടുന്നത്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രൈലർ ആണ് പുറത്തെത്തിയിരിക്കുന്നത്.
ധനുഷിൻ്റെ വാത്തി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രമാണ് ലക്കി ഭാസ്കർ. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ലക്കി ഭാസ്കറിൽ ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ലക്ഷ്യം വെക്കുന്ന ഈ ചിത്രം, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് പ്രദർശനത്തിനെത്തുക.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ഈ ചിത്രം കേരളത്തിൽ റിലീസായി വിതരണം ചെയ്യുന്നത്. ചിത്രം നിർമ്മിച്ചിരിക്കുന്നത് സിതാര എന്റർടെയ്‍ന്‍മെന്‍റ്സ് ആണ്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ലക്കി ഭാസ്കർ ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്. പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ലക്കി ഭാസ്കറിന് സംഗീതമൊരുക്കിയത് ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് കുമാർ, ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നിമിഷ് രവി എന്നിവരാണ്. എഡിറ്റിംഗ് നവീൻ നൂലി, പിആർഒ ശബരി.