അജിത്തിന്റെ പുതിയ ചിത്രം ഗുഡ് ബാഡ് അഗ്ലിയുടെ ടീസർ പുറത്തിറങ്ങി. ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ആക്ഷനും കോമഡിയും ചേരുന്ന ചിത്രം അടുത്തകാലത്ത് ആരാധകര്‍ കാണാതിരുന്ന തരത്തില്‍ അജിത്തിനെ അവതരിപ്പിക്കുന്ന ചിത്രമായിരിക്കും എന്നാണ് ടീസറിൽ നിന്നും വ്യക്തമാകുന്നത്.
ഒന്നര മിനിറ്റ് ആണ് ടീസറിന്‍റെ ദൈര്‍ഘ്യം. തൃഷ നായികയാവുന്ന ചിത്രത്തില്‍ സുനില്‍, പ്രസന്ന, അര്‍ജുന്‍ ദാസ് തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകന്‍.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അജിത്ത് കുമാര്‍ നായകനാവുന്ന രണ്ട് ചിത്രങ്ങളാണ് തുടര്‍ച്ചയായി തിയറ്ററുകളിലേക്ക് എത്തുന്നത്. അതില്‍ ആദ്യത്തെ ചിത്രം, മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയര്‍ച്ചി ഫെബ്രുവരി 6 ന് എത്തിയിരുന്നു. എന്നാല്‍ വിടാമുയർച്ചിക്ക് സമിശ്ര പ്രതികരണമാണ് ലഭിച്ചത്. വന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് ആഗോളതലത്തില്‍ 138 കോടി മാത്രമേ ഗ്രോസ് നേടാന്‍ സാധിച്ചുള്ളു. ബോക്സോഫീസില്‍ പരാജയമായി തന്നെയാണ് ചിത്രം വിലയിരുത്തപ്പെടുന്നത്. അജിത്ത് പോലുള്ള ഒരു താരത്തിന് വേണ്ട മാസ് ഘടകങ്ങള്‍ ഒന്നും ചിത്രത്തില്‍ ഇല്ലെന്നാണ് അജിത്ത് ആരാധകര്‍ പോലും മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രത്തെ വിലയിരുത്തിയത്.
അതിനാല്‍ തന്നെ അജിത്തിന്റെ അടുത്ത ചിത്രമായ ഗുഡ് ബാഡ് അഗ്ലീയെക്കുറിച്ചുള്ള പ്രതീക്ഷകൾ വർദ്ധിച്ചിരിക്കുകയാണ്. പുഷ്പ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് നിർമ്മിച്ച ഈ ചിത്രത്തിന് ജി.വി. പ്രകാശാണ് സംഗീതം നല്‍കുന്നത്. വന്‍ ബജറ്റിൽ നിർമ്മിച്ച ഈ ചിത്രത്തിൽ തൃഷ, പ്രഭു, പ്രസന്ന, അർജുന്‍ ദാസ്, സുനിൽ, യോഗി ബാബു എന്നിവർ അഭിനയിക്കുന്നുണ്ട്. നെറ്റ്ഫ്ലിക്സ് 95 കോടി നൽകി ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ വാങ്ങിയെന്ന് ചില സൂചനകളുണ്ട്.
അജിത്ത് കുമാറിന്‍റെ കരിയറിലെ 63-ാം ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി എന്ന പ്രത്യേകതയും ഗുഡ് ബാഡ് അഗ്ലിക്ക് ഉണ്ട്.